ന്യൂഡൽഹി: 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ആദ്യദിനത്തിൽ ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐക്യകണ്ഠേന അംഗരാജ്യങ്ങൾ പാസാക്കിയത് ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തുമ്പോഴും പ്രമേയത്തിൽ യുഎസിനെയും റഷ്യയെയും ഇറാനെയുമൊക്കെ നേരിട്ട് പരാമർശിക്കുന്നത് ഒഴിവാക്കിയപ്പോൾ ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഇസ്രയേലിന് പേരെടുത്ത് വിമർശനം. അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾക്കും നിരക്കാത്ത രീതിയിൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധങ്ങളെയും തീരുവകളെയും സെക്കൻഡറി ഉപരോധങ്ങളെയും സംയുക്ത പ്രഖ്യാപനത്തിൽ കടുത്ത ഭാഷയിൽ അപലപിച്ച പ്രഖ്യാപനത്തിൽ ഇത്തരം ഉപരോധങ്ങൾ പാവപ്പെട്ട ജനവിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
പ്രഖ്യാപനത്തിൽ അമേരിക്കയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും അവരുടെ ഉപരോധ നയങ്ങൾക്കെതിരെയുള്ള വ്യക്തമായ സന്ദേശമായാണ് ഈ നിലപാട് വിലയിരുത്തപ്പെടുന്നത്. എന്നാൽ, യുഎസ്-ഇറാൻ യുദ്ധത്തേക്കുറിച്ചോ റഷ്യ-യുക്രൈൻ യുദ്ധത്തേക്കുറിച്ചോ പ്രഖ്യാപനത്തിൽ നേരിട്ട് പരാമർശവുമില്ല. എന്നാൽ പലസ്തീൻ-ലെബനൻ നിലപാടുകളിൽ ഉച്ചകോടി പ്രഖ്യാപനത്തിൽ അമേരിക്കയുടെ പേര് ഒഴിവാക്കിയെങ്കിലും ഇസ്രയേലിന്റെ പേരെടുത്തു പറഞ്ഞ് കടുത്ത വിമർശനമുന്നയിച്ചു. ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ഇസ്രയേലിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ച ബ്രിക്സ്, പലസ്തീൻ ജനതയെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിനെ പ്രഖ്യാപനം പിന്തുണച്ചു.
അതേസമയം, ലെബനനിലെ വെടിനിർത്തൽ ലംഘനങ്ങളെ അപലപിച്ച അംഗരാജ്യങ്ങൾ, അധിനിവേശ സേനയെ പൂർണ്ണമായും പിൻവലിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെ ആഗോള വ്യാപാരവും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സുരക്ഷയിലുള്ള സമാധാനപരമായ ആണവനിലയങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇതോടൊപ്പം ഇറാനെ ലോക വ്യാപാര സംഘടനയിൽ അംഗമാക്കാനുള്ള ശ്രമങ്ങൾക്ക് ബ്രിക്‌സ് രാജ്യങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങളെപ്പറ്റി പ്രഖ്യാനം മൗനം പാലിക്കുകയും ചെയ്തു.
ഉച്ചകോടിയിൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ, ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് തുടങ്ങിയ ലോകനേതാക്കൾ നേരിട്ട് പങ്കെടുത്തു. ഷീ ജിൻപിങ്ങിന്റെ ഉന്നതതല സംഘത്തിൽ ചൈനയിലെ പ്രമുഖ നേതാക്കളായ സായ് ചി, വാങ് യി എന്നിവരും ഉണ്ടായിരുന്നു.
Has India’s stance shifted? Criticism of the US without explicitly naming it, and support for Iran, at the BRICS summit.










