തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യുടെ കരൂരിലെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ച പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ ഹെഡ്മിസ്ട്രസ് എസ്. മല്ലികയെയാണ് തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. സ്കൂളുകൾ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹൻ കഴിഞ്ഞ ദിവസം കർശന സർക്കുലർ ഇറക്കിയിരുന്നു. ഇത് നിലനിൽക്കെ വിജയുടെ പ്രസംഗം സ്കൂളിലെ കുട്ടികളെ ഇരുത്തി പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി സർക്കാർ അടിയന്തര നടപടിയെടുത്തത്.
അതേസമയം, കരൂർ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറുന്ന ചടങ്ങിനിടെ മുഖ്യമന്ത്രി വിജയ് വികാരാധീനനായി കരഞ്ഞുവെന്ന് കരൂർ എംപി ജ്യോതിമണി വെളിപ്പെടുത്തി. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ചടങ്ങിൽ ദുരന്തബാധിതരായ 32 പേർക്ക് മുഖ്യമന്ത്രി നേരിട്ടാണ് നിയമന ഉത്തരവുകൾ കൈമാറിയത്. സർക്കാർ നടത്തുന്ന ഇത്തരം ആശ്വാസ നടപടികളെ രാഷ്ട്രീയക്കണ്ണുകളോടെ കാണരുതെന്നും ജ്യോതിമണി അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വിജയ് പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി വിജയ് പ്രദേശത്ത് എത്തിയത്. ചടങ്ങിൽ പൊലീസിനെയും മുൻ ഡിഎംകെ സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് വിജയ് വിമർശിച്ചത്. ദുരന്തം ഒരു രാഷ്ട്രീയ ചതിയായിരുന്നുവെന്നും ആൾക്കൂട്ടം നിയന്ത്രണാതീതമാണെന്ന മുന്നറിയിപ്പ് നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട മുഖ്യമന്ത്രി, സർക്കാർ ഓഫീസുകളിൽ ആരും ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും മരിച്ചവരുടെ ഓർമ്മയ്ക്കായി കരൂരിൽ സ്മാരകം നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
HM Suspended for Live Streaming CM Vijay’s Speech in Tamil Nadu Government School













