
കോട്ടയം: കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഹൈക്കമാൻഡ് തലത്തിൽ പുരോഗമിക്കവെ, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം ജില്ലയിലെ കടുത്തുരുത്തി കുറുപ്പന്തറ കവലയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കുറുപ്പന്തറ സ്വദേശിയായ ഫ്രാൻസിസ് എന്ന പ്രവർത്തകനാണ് ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ചത്. പത്ത് മണിയോടെ തൻ്റെ പെട്ടി ഓട്ടോറിക്ഷയിൽ കവലയിലെത്തിയ ഇയാൾ സതീശനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും പെട്രോൾ തലയിലൂടെ ഒഴിക്കുകയുമായിരുന്നു. കയ്യിൽ ലൈറ്ററുമായി നിൽക്കുകയായിരുന്ന ഫ്രാൻസിസിനെ നാട്ടുകാരും പൊലീസും ചേർന്നാണ് തടഞ്ഞത്. പിന്നീട് ഇയാളെ കുറുപ്പന്തറ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുഡിഎഫിൻ്റെ വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി അണികൾ ചേരിതിരിഞ്ഞ് പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സതീശനെ പിന്തുണച്ച് പ്രകടനം നടത്തിയതിന് ഇടുക്കിയിൽ നാല് നേതാക്കളെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്നുള്ള തർക്കങ്ങൾക്കിടയിലാണ് ആത്മഹത്യാശ്രമം പോലുള്ള അതിരുവിട്ട പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്.മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഐസിസി നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ചു കഴിഞ്ഞു. അന്തിമ തീരുമാനം ഞായറാഴ്ചയോടെ ഡൽഹിയിൽ നിന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
A Congress worker attempted suicide demanding that VD Satheesan be made the Chief Minister.













