
ടെൽ അവീവ്: ഇസ്രായേലിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. തൻ്റെ രാഷ്ട്രീയ എതിരാളികൾ രാജ്യത്തിന് ഭീഷണിയാണെന്ന് വരുത്തിത്തീർക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ പ്രചാരണങ്ങളുടെ ഭാഗമായി സെൻട്രൽ ടെൽ അവീവിലെ പ്രധാന ഹൈവേയ്ക്ക് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നത്.
ഇറാന്റെയും ഹിസ്ബുള്ളയുടെയും തലവന്മാർക്കൊപ്പം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുടെ ചിത്രവും നെതന്യാഹുവിൻ്റെ ലിക്വിഡ് പാർട്ടി ഈ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഹിസ്ബുള്ള തലവൻ നയീം ഖാസിം എന്നിവരുടെ ചിത്രങ്ങൾക്ക് നടുവിലാണ് ന്യൂയോർക്ക് മേയർ മംദാനിയുടെ ചിത്രവുമുള്ളത്.
“നെതന്യാഹു തോൽക്കണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്, അവരെ വിജയിക്കാൻ അനുവദിക്കരുത്” എന്ന എബ്രായ ഭാഷയിലുള്ള സന്ദേശവും ലിക്വിഡ് പാർട്ടിയുടെ ഔദ്യോഗിക ലോഗോയുമാണ് പരസ്യബോർഡിലുള്ളത്.
ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾക്കെതിരെ മംദാനി നടത്തുന്ന ശക്തമായ നിലപാടുകളും നെതന്യാഹുവുമായി നിലനിൽക്കുന്ന കടുത്ത വാക്പോരുമാണ് ഒരു അമേരിക്കൻ നഗരത്തിൻ്റെ മേയറെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. ഗാസയിലെ ഇസ്രായേൽ സൈനിക ആക്രമണങ്ങളെ ആദ്യഘട്ടം മുതൽ രൂക്ഷമായി വിമർശിച്ച ജനപ്രതിനിധിയാണ് സൊഹ്റാൻ മംദാനി. കഴിഞ്ഞ മാസം നെതന്യാഹുവിനെ പരസ്യമായി ഒരു “യുദ്ധക്കുറ്റവാളി” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നെതന്യാഹു അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) വിചാരണ നേരിടാൻ ഹേഗിലെ ജയിലിൽ കഴിയേണ്ടവനാണെന്നും തുറന്നടിച്ചിരുന്നു.
സെപ്റ്റംബറിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ, അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ യുഎസ് അധികൃതർ തയ്യാറാകണമെന്നും മംദാനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മംദാനി ന്യൂയോർക്കിൽ വിദ്വേഷം പടർത്തുകയാണെന്നും വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നുമാണ് നെതന്യാഹുവിൻ്റെ ആരോപണം. മംദാനിയെപ്പോലുള്ള പുരോഗമന രാഷ്ട്രീയക്കാർ കാരണം യുഎസിലെ ഡെമോക്രാറ്റുകൾക്കിടയിൽ ഇസ്രായേലിന് പരമ്പരാഗതമായി ലഭിച്ചിരുന്ന പിന്തുണ ഇല്ലാതാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരസ്യബോർഡിൻ്റെ ചിത്രവും, നെതന്യാഹുവിനെ മംദാനി വിമർശിക്കുന്ന വീഡിയോയും ഇസ്രായേൽ പ്രധാനമന്ത്രി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നിലവിലെ അഭിപ്രായ വോട്ടെടുപ്പുകളിൽ നെതന്യാഹുവിൻ്റെ തീവ്ര വലതുപക്ഷ സഖ്യം പിന്നിലാണ്. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം രാജ്യം നേരിടുന്ന ആദ്യ ദേശീയ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള കടുത്ത ശ്രമത്തിലാണ് അദ്ദേഹം. ഇതിനായി ഇസ്രായേലിൻ്റെ സുരക്ഷ മുൻനിർത്തി വോട്ടർമാരെ വൈകാരികമായി സ്വാധീനിക്കാനാണ് ലിക്വിഡ് പാർട്ടി ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്രിട്ടനെ “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ” എന്ന് വിശേഷിപ്പിച്ച നെതന്യാഹുവിൻ്റെ പ്രസ്താവന വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിരുന്നു. ബ്രിട്ടനിലെ മുസ്ലിം ജനസംഖ്യയെ ലക്ഷ്യം വെച്ചുള്ള തീവ്ര വലതുപക്ഷ വിദ്വേഷ പരാമർശമാണിതെന്ന വിമർശനം ശക്തമാണ്. ഗാസയിൽ വെടിനിർത്തൽ കരാറിലെത്താനുള്ള യുഎസ്-ഇസ്രായേൽ ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിൻ്റെ ഈ പുതിയ രാഷ്ട്രീയ നീക്കങ്ങൾ എന്നതും ശ്രദ്ധേയം.
Is New York Mayor Zohran Mamdani in the company of Iran and Hezbollah? Netanyahu with a huge billboard in Tel Aviv.















