തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കയറ്റുമതി-ഇറക്കുമതി (എക്‌സിം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യ എക്‌സിം കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ലോകത്തിലേക്കുള്ള വികസന കവാടമാണ് തുറന്നിരിക്കുന്നതെന്ന് ഫ്‌ളാഗ് ഓഫ് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് എങ്ങനെ പ്രയോജനപ്പെടുത്തണം എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. റോഡ്-റെയില്‍ കണക്ടിവിറ്റി പത്ത് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയെങ്കില്‍ 100 ഇരട്ടി വരുമാനം കിട്ടിയേനെ. ഭൂമി ഏറ്റെടുക്കുന്നത് വളരെ വേഗത്തില്‍ ആക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ തന്നെ നമ്പർ വൺ ഓട്ടോമേറ്റഡ് സിസ്റ്റമാണ് വിഴിഞ്ഞത്ത്. കഴിഞ്ഞ 10 വർഷം കൊണ്ട് റെയിൽ-റോഡ് കണക്റ്റിവിറ്റി കൂടി പൂർത്തിയാക്കിയെങ്കിൽ നൂറിരട്ടി ഫലം ഉണ്ടാകുമായിരുന്നു. കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കാൻ സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ അഭിമാനപദ്ധതി മിഷൻ സമുദ്രയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നവ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റണം. അതിനായാണ് മിഷന്‍ സമുദ്ര ഇന്ന് ആരംഭിക്കുന്നത്. 18 ഹാര്‍ബറുകളെയും ഒത്തൊരുമിച്ച് പദ്ധതി നടപ്പിലാക്കും. നിക്ഷേപങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഒരു കണ്‍സള്‍ട്ടന്‍സി ആരംഭിക്കണം. വലിയൊരു സ്വപ്നത്തിന്റെ ആരംഭം ആണ് ഇവിടെ കുറിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. വന്ദേമാതരം ആലപിക്കാത്തതിലെ അതൃപ്തി മൂലമാണ് കേന്ദ്രമന്ത്രി പരിപാടി ബഹിഷ്‌കരിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷനേതാവ് പിണറായി വിജയനും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷും പരിപാടിയില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ കേന്ദ്രമന്ത്രി പങ്കെടുക്കാത്തതുകൊണ്ടാണ് പരിപാടിക്കെത്താതിരുന്നതെന്നും ഓണപ്പരിപാടികളുടെ തിരക്ക് ഉണ്ടായിരുന്നുവെന്നുമാണ് വി വി രാജേഷ് അറിയിച്ചു.
Vizhinjam International Port has officially begun export-import operations; Chief Minister inaugurates the Vizhinjam container terminal; Union Minister and Leader of the Opposition do not attend.














