ഖനന നിയമ ഭേദഗതി സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ തടസ്സപ്പെടുത്തുന്നു, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ തടസ്സപ്പെടുത്തുന്ന മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാർലമെന്റ് പാസാക്കിയ പുതിയ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം കത്തിൽ പങ്കുവെച്ചു.

ഭേദഗതിയിലെ 9 ഡി സെക്ഷൻ പ്രകാരം ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതിയോ സെസോ ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്ര മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നത് ഭരണഘടനാ ലംഘനമാണ്. സവിശേഷ ധാതുസമ്പത്തുള്ള കേരളത്തിന് ഇത് വലിയ തിരിച്ചടിയാകും. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഖനനാവകാശത്തിനുള്ള റോയൽറ്റി നികുതിയല്ലെന്നും ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ധാതുക്കളുള്ള ഭൂമിക്ക് മേൽ നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരമുണ്ടെന്നും സുപ്രീം കോടതി വിധിയുണ്ട്. ധാതുക്കളുടെ ഉൽപ്പാദനത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം പരമോന്നത കോടതി അംഗീകരിച്ചിട്ടുള്ള കാര്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Mines and Minerals Amendment Act: CM VD Satheesan Writes to PM Narendra Modi Seeking Review

More Stories from this section

family-dental
witywide