അമേരിക്കയിൽ തൊടുത്ത അമ്പ് ഇന്ത്യൻ ഇഎംഐയിൽ കൊള്ളും: കടമെടുത്ത് വീടുവെച്ചവർക്ക് കനത്ത പ്രഹരം, വായ്പാ പലിശ കൂട്ടാൻ ആർബിഐ

ന്യൂഡൽഹി: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതിന് പിന്നാലെ, ഇന്ത്യയിലെ ഭവന-വാഹന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ) വർദ്ധിച്ചേക്കുമെന്ന് സൂചന. 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർദ്ധനവിലൂടെ യുഎസ് ഫെഡ് പലിശനിരക്കിൽ 0.25 ശതമാനം (25 ബേസിസ് പോയിന്റ്) വർദ്ധനവാണ് വരുത്തിയത്. വരും മാസങ്ങളിൽ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന സൂചനയും യുഎസ് നൽകുന്നുണ്ട്.

അമേരിക്കയിലെ ഈ സാമ്പത്തിക മാറ്റം ഒക്ടോബറിൽ നടക്കാനിരിക്കുന്ന റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ധനനയ അവലോകന യോഗത്തിന് മേൽ കടുത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ, വരും മാസങ്ങളിൽ ആർബിഐയും റിപ്പോ നിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിതരായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെ ആഗോള നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും വൻതോതിൽ മൂലധനം പിൻവലിച്ച് സുരക്ഷിതമായ യുഎസ് ബോണ്ടുകളിലേക്ക് മാറ്റാൻ സാധ്യതയേറി. ഇത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കും. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് രൂപയുടെ മൂല്യത്തകർച്ച കനത്ത പ്രഹരമാകും. പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ സംഘർഷം കാരണം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് അടുക്കുകയാണ്. ഇതോടൊപ്പം രൂപയുടെ മൂല്യം കൂടി ഇടിയുന്നതോടെ രാജ്യത്തെ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരും. ഇത് ഗതാഗത, ഉൽപ്പാദന മേഖലകളെ ബാധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും.

പലിശനിരക്ക് വർദ്ധനവ് അനിവാര്യമെന്ന് വിദഗ്ദ്ധർ

ചില്ലറ വിൽപന അധിഷ്ഠിത പണപ്പെരുപ്പം (സിപിഐ) 4 ശതമാനത്തിൽ നിലനിർത്താനാണ് ആർബിഐ ലക്ഷ്യമിടുന്നതെങ്കിലും വരും മാസങ്ങളിൽ ഇത് സുരക്ഷിത പരിധിയായ 6 ശതമാനവും കടന്ന് മുന്നോട്ട് പോകാൻ സാധ്യതയുണ്ടെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ ഒക്ടോബറിലോ ഡിസംബറിലോ നടക്കുന്ന ധനനയ അവലോകനത്തിൽ ആർബിഐ റിപ്പോ നിരക്ക് 0.25 ശതമാനം വീതം വർദ്ധിപ്പിച്ചേക്കും.

രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്ന് ഇവൈ ഇന്ത്യ ചീഫ് പോളിസി അഡ്വൈസർ ഡി.കെ. ശ്രീവാസ്തവ വിലയിരുത്തി. എൽ നിനോ പ്രതിഭാസത്തെത്തുടർന്ന് മൺസൂൺ മഴയിലുണ്ടായ കുറവും ആഗോള വിപണിയിൽ എണ്ണവില കുത്തനെ കൂടുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ സാഹചര്യത്തിൽ പണപ്പെരുപ്പ സമ്മർദ്ദം ശക്തമാകുന്നതിനാൽ വരാനിരിക്കുന്ന ധനനയ അവലോകനത്തിൽ ആർബിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?

ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയാൽ, വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പകളുടെ പലിശനിരക്ക് വർദ്ധിക്കും. ഇതോടെ ബാങ്കുകൾ തങ്ങളുടെ ഫണ്ടിംഗ് ചെലവ് നികത്തുന്നതിനായി ഉപഭോക്താക്കളുടെ വായ്പാനിരക്കുകൾ ഉയർത്തും. ഫലമായി, റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ലോട്ടിംഗ് ഭവന വായ്പകളുടെ ഇഎംഐ നിരക്കുകൾ പുനഃക്രമീകരിക്കുമ്പോൾ വായ്പയെടുത്തവർ കൂടുതൽ തുക തിരിച്ചടയ്ക്കേണ്ടി വരും.

A heavy blow for those who built homes with loans; RBI set to hike interest rates.

Also Read

More Stories from this section

family-dental
witywide