
മുംബൈ: ഭുലേശ്വറിൽ ഗണേശോത്സവത്തിന് മുന്നോടിയായി നടന്ന ‘ഭുലേശ്വർചാ രാജ’ വിഗ്രഹത്തിൻ്റെ ആഗമന ഘോഷയാത്രയ്ക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഉത്സവക്കമ്മിറ്റി പ്രസിഡൻ്റ് സങ്കേത് നെവ്‌ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ കബൂതർഖാന ജയ് അംബെ ചൗക്കിന് സമീപമാണ് അപകടമുണ്ടായത്.
22 അടി ഉയരവും രണ്ട് ടണ്ണോളം ഭാരവുമുള്ള കൂറ്റൻ വിഗ്രഹം ഉറപ്പിച്ചിരുന്ന ഇരുമ്പ് ഫ്രെയിമിന്റെ വെൽഡിങ് തകർന്നതാണ് ദുരന്തത്തിന് കാരണമായത്. നിയന്ത്രണം വിട്ട വിഗ്രഹം പെട്ടെന്ന് ജനക്കൂട്ടത്തിന് മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മുംബൈ പൊലീസും ഫയർ ബ്രിഗേഡും സ്ഥലത്തെത്തി പരുക്കേറ്റവരെ ജെ.ജെ, ജി.ടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. വീഴ്ചയുടെ ആഘാതത്തിൽ വിഗ്രഹം മൂന്നു കഷണങ്ങളായി തകർന്നു. പരുക്കേറ്റവർ വിഗ്രഹം കൊണ്ടുവന്ന ട്രോളിക്ക് മുകളിലാണ് ഇരുന്നിരുന്നത്. സംഭവത്തിൽ വിപി റോഡ് പൊലീസ് അന്വേഷണം ആരംഭിച്ചു.
A huge 22-foot tall, two-ton Ganesh idol fell down in Mumbai, killing 2 and injuring 5 people, including children.













