സിംഗപ്പൂരിലേക്ക് പോയ ചരക്കുകപ്പൽ ഒഡീഷ തീരത്ത് മുങ്ങി; 24 ജീവനക്കാരിൽ രണ്ടുപേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്നും ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ 24 ജീവനക്കാരുമായി പനാമ ചരക്കുകപ്പൽ മുങ്ങി. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് പോയ ‘എംവി ഓഷ്യൻ-വിന്നർ’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി പ്രദേശത്ത് വൻ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഇതിനോടകം രണ്ട് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.

കഴിഞ്ഞ ഓഗസ്റ്റ് 20-ന് രാത്രി 10.30 ഓടെയാണ് 1,700 ടൺ ഇരുമ്പയിരുമായി കപ്പൽ പാരദ്വീപ് തുറമുഖത്തുനിന്നും യാത്ര തിരിച്ചത്. ചൈനയിൽ നിന്നുള്ള 20 പേരും, മ്യാൻമറിൽ നിന്നുള്ള മൂന്ന് പേരും, ബംഗ്ലാദേശ് സ്വദേശിയായ ഒരാളുമടക്കം 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഓഗസ്റ്റ് 22-ന് രാവിലെ 11.48 ഓടെ കപ്പലുമായുള്ള എല്ലാ ആശയവിനിമയങ്ങളും പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. കപ്പൽ ഓപ്പറേറ്റ് ചെയ്യുന്ന വിക്ടറി സ്റ്റാർ ഗ്രൂപ്പ് കമ്പനി വിവരമറിയിച്ചതിനെ തുടർന്ന് ശ്രീ വിജയ പുരത്തെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്റർ ഉടൻ തന്നെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അപകടവിവരമറിഞ്ഞയുടൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും കപ്പലുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചു. കോസ്റ്റ് ഗാർഡ് കപ്പലുകളായ ‘വരദ്’, ‘അൻമോൾ’ എന്നിവയ്ക്ക് പുറമേ ശ്രീ വിജയ പുരത്തുനിന്ന് ‘വിജിത്’ എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. കടലിൽ ലൈഫ് റാഫ്റ്റുകളിൽ (ജീവൻരക്ഷാ ബോട്ടുകൾ) അഭയം പ്രാപിച്ച രണ്ട് പേരെയാണ് നിലവിൽ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

ബാക്കിയുള്ള ജീവനക്കാർക്കായി കടലിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് ചരക്കുകപ്പലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി.

Singapore-bound cargo ship sinks off Odisha coast; two of 24 crew rescued, search continues

More Stories from this section

family-dental
witywide