സാക്രമെൻ്റോയിൽ മഹാ ഓണാഘോഷവുമായി അരങ്ങ് കേരള അസോസിയേഷൻ

കേരള അസോസിയേഷൻ ഓഫ് സാക്രമെൻ്റോ (അരങ്ങ്) യുടെ മഹാ ഓണാഘോഷം എൽ കാമിനോ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിഭവസമൃദ്ധമായ സദ്യയോടും കലാപരിപാടികളോടും കൂടി ആഘോഷിച്ചു.

മുപ്പത്തിയഞ്ച് രുചിയൂറുന്ന വിഭവങ്ങളടങ്ങുന്ന സമൃദ്ധമായ ഓണസദ്യ 700-ൽ അധികം ആളുകൾക്ക് തൂശനിലയിൽ വിളമ്പിക്കൊടുത്ത് അമേരിക്കയിലെ സംഘടനകൾക്കിടയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അരങ്ങ് കേരള അസോസിയേഷൻ.

പ്രശസ്ത പാചക രാജാക്കന്മാരായ ബൈജു ആൻ്റണിയുടെയും ജോയിച്ചൻ ചുക്കനാനിയുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ രുചിയൂറുന്ന വിഭവങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഓണസദ്യയ്ക്ക് ശേഷം നടന്ന കലാപരിപാടികൾ സിനിമ, സീരിയൽ, ബിഗ് ബോസ് താരവും മോഡലുമായ ശരണ്യ ആനന്ദ്, ഫാ. കുര്യാക്കോസ് പുതുപ്പാടി, ഫോമാ ട്രഷറർ സിജിൽ പാലയ്ക്കലോടി, പ്രസിഡൻ്റ് ബൈജു ആൻ്റണി, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. അരങ്ങ് അസോസിയേഷൻ പ്രസിഡൻ്റ് ബൈജു ആൻ്റണി വിശിഷ്ടാതിഥികളെയും, ഓണാഘോഷത്തിൽ പങ്കെടുത്തവരെയും സ്വാഗതം ചെയ്തു. ഓണാഘോഷത്തിന് പങ്കെടുത്ത മാവേലിയെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചുകൊണ്ട് ചെണ്ടക്കാരുടെയും, താലപ്പൊലിയുടെയും പുലികളിക്കാരുടെയും അകമ്പടിയോടെ കമ്മിറ്റി അംഗങ്ങൾ വേദിയിലേക്ക് ആനയിച്ചു.

പ്രവാസ ജീവിതത്തിൻ്റെ തിരക്കിനിടയിലും കേരളത്തിൻ്റെ ഉത്സവമായ ഓണാഘോഷം പരമ്പരാഗത രീതിയിൽ ആർഭാടത്തോടുകൂടി അരങ്ങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നതിനായുള്ള അഭിനന്ദനം സിനിമ സീരിയൽ താരം ശരണ്യ ആനന്ദ് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

അരങ്ങ് അസോസിയേഷൻ്റെ നാലാമത്തെ പ്രോഗ്രാമായ ഈ ഓണാഘോഷത്തെയും മഹാസദ്യയെയും, പ്രവർത്തനങ്ങളെയും തൻ്റെ ആശംസ പ്രസംഗത്തിൽ ഫോമാ നാഷണൽ ട്രഷറർ സിജിൽ പാലയ്ക്കലോടി അഭിനന്ദിച്ചു. വൈസ് പ്രസിഡൻ്റ് ബിന്ദു ടിജി അരങ്ങിൻ്റെ പ്രവർത്തനങ്ങളെ ആശംസ പ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.

പ്രാർത്ഥനാ ഗാനത്തോടും, തിരുവാതിരയോടുംകൂടി ആരംഭിച്ച കലാപരിപാടികൾ വ്യത്യസ്തത കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ചു. നടി ശരണ്യ ആനന്ദിൻ്റെ നേതൃത്വത്തിൽ നടന്ന സംഘ നൃത്തവും, പ്രശസ്ത ഗായകരുടെ മ്യൂസിക്കൽ പെർഫോമൻസ്, കോമഡി സ്കിറ്റ്, നൃത്തങ്ങൾ, എല്ലാം പരിപാടിക്ക് മാറ്റുകൂട്ടി. മധുകുമാറും അംഗിത ടോമും ചേർന്നൊരുക്കിയ 15 യുവതികളുടെ പരമ്പരാഗത വേഷവിധാനത്തോടെയുള്ള മലയാളി മങ്ക ഫാഷൻ ഷോ ഒരു പുതു അനുഭവമായിരുന്നു.

കൾച്ചറൽ കോർഡിനേറ്റേഴ്സ് ആയ റാണി മധുകുമാർ, പ്രവിത പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രഥിഭ, ജാസ്മിൻ, അരൂഷി, ആഷി തുടങ്ങിയവർ കലാ പരിപാടികൾ ക്രോഡീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

സനീഷിന്റേയും പ്രിയങ്കയുടേയും നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളവും കേരള തനിമയുള്ള അലങ്കാരങ്ങളും ഓണാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ട്രഷറർ എബിൻ വർഗീസ്, ജോ.സെക്രട്ടറി രഞ്ജിത്ത് അജിത് മാത്യു, കവിരാജ്, ജോസ് മോൻ, പ്രഭാത്, ജോബി, ബിജു, സിമി, ജോയാസ്, ജോമോൻ, ബാലു, ബിനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമുകൾ ഓണാഘോഷത്തിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.

സെക്രട്ടറി പ്രതീഷ് അബ്രഹാം കേരളാ അസോസിയേഷൻ ഓഫ് സാക്രമെൻ്റോ (അരങ്ങ്) ഓണാഘോഷം മഹാവിജയമാക്കിയ ഏവർക്കും നന്ദി അർപ്പിച്ചു.

Arangu Kerala Association holds grand Onam celebrations in Sacramento

More Stories from this section

family-dental
witywide