ദിവസവും 8,500 ചുവടുകൾ നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ദിവസവും 8,500 ചുവടുകൾ നടക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമോ. പുതിയ പഠനം പറയുന്നത് ഇങ്ങനെദിവസവും കൂടുതൽ നടക്കുന്നത് ദീർഘകാലമായി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കാമെന്നും, ഏകദേശം 8,500 ചുവടുകൾ ദിവസേന നടക്കുന്നത് ഗുണകരമായിരിക്കാമെന്നുമാണ് പുതിയ പഠനം. ഇന്റർനാഷണൽ ജേർണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിക്കുകയും യൂറോപ്യൻ ഒബിസിറ്റി കോൺഫറൻസിൽ അവതരിപ്പിക്കുകയും ചെയ്ത പഠനത്തിൽ, ശരീരഭാരം കുറയുന്നതും ശാരീരിക പ്രവർത്തനവും സംബന്ധിച്ച മുൻകാല 18 പഠനങ്ങളിലെ വിവരങ്ങളാണ് വിശകലനം ചെയ്തത്.

പഠനത്തിൽ, കൂടുതൽ നടക്കുന്നത് നേരിട്ട് അധിക ഭാരം കുറയാൻ വലിയ രീതിയിൽ സഹായിക്കുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ ദിവസേന കൂടുതൽ ചുവടുകൾ നടക്കുന്നത്, കുറച്ച ഭാരം വീണ്ടും കൂടാതെ നിലനിർത്താൻ കൂടുതൽ സഹായകരമാണെന്ന് ഗവേഷകർ വ്യക്തമാക്കി. ശരാശരി ഒന്നര വർഷത്തെ നിരീക്ഷണത്തിനിടെ, ദിവസവും 1,000 ചുവടുകൾ അധികമായി നടന്നവർ ഏകദേശം 1% വരെ ഭാരം കുറവ് നിലനിർത്തിയതായി കണ്ടെത്തി. പഠനത്തിന്റെ തുടക്കത്തിൽ പങ്കെടുത്തവരുടെ ശരാശരി ദിനചുവടുകൾ ഏകദേശം 7,400 ആയിരുന്നു. ദിവസവും ശരാശരി 8,500 ചുവടുകൾ നടന്നവർക്ക് ദീർഘകാലമായി ഭാരം നിയന്ത്രിക്കാൻ കൂടുതൽ സാധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് എല്ലാവർക്കും നിർബന്ധമായ ലക്ഷ്യമല്ലെന്നും ഗവേഷകർ വ്യക്തമാക്കി.

പഠനത്തിൽ പങ്കെടുത്തവർ ഭക്ഷണക്രമത്തിൽ മാറ്റം, ജീവിതശൈലി നിയന്ത്രണം, പെരുമാറ്റ കൗൺസിലിംഗ് എന്നിവയും ഉൾപ്പെട്ട പ്രത്യേക പരിപാടിയുടെ ഭാഗമായിരുന്നു. “ഭാരം കുറയ്ക്കൽ ഒരു ബഹുമുഖ പ്രക്രിയയാണ്. ഭക്ഷണനിയന്ത്രണവും പെരുമാറ്റപരമായ കൗൺസിലിംഗും കൂടുതൽ ശാരീരിക ചലനവും എല്ലാം ചേർന്നാലേ നല്ല ഫലം ലഭിക്കൂ,” എന്ന് എബിസി ന്യൂസ് മെഡിക്കൽ വിദഗ്ധ ഡോ. താര നരുള പറഞ്ഞു. ഇത് പ്രാഥമിക കണ്ടെത്തലുകൾ മാത്രമാണെന്നും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും നരുള പറഞ്ഞു.

എല്ലാവരും ഇപ്പോൾ മുതൽ 8,500 ചുവടുകൾ നടക്കണം എന്ന നിർദ്ദേശമല്ല ഇത്. പക്ഷേ ആരോഗ്യകരമായ ഒരു സൂചനയായി കാണാം എന്നും അവർ വ്യക്തമാക്കി. ഭാരം കുറയ്ക്കുന്ന ഘട്ടത്തിൽ കലോറി നിയന്ത്രണമാണ് കൂടുതൽ ഫലപ്രദമെന്നും, ഭാരം ദീർഘകാലം നിലനിർത്തുന്നതിൽ ശാരീരിക പ്രവർത്തനത്തിനാണ് കൂടുതൽ പങ്കെന്നും ഗവേഷകർ വിലയിരുത്തി.

അതേസമയം, പഠനത്തിന് ചില പരിമിതികളും ഉണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. അമിതവണ്ണമോ അധികഭാരമോ ഉള്ള പ്രായപൂർത്തിയായവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ കണ്ടെത്തലുകൾ നേരിട്ടുള്ള കാരണഫലബന്ധം തെളിയിക്കുന്നതല്ലെന്നും അവർ പറഞ്ഞു. ഭാരം കുറയ്ക്കാൻ പദ്ധതിയിടുന്നവർ തങ്ങൾക്ക് അനുയോജ്യമായ വ്യായാമവും ലക്ഷ്യങ്ങളും സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടണം എന്നും ഡോ. നരുള നിർദേശിച്ചു.

ആരോഗ്യകരമായ ശീലങ്ങൾ പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവയാണ്. ഭാരം കുറയുമ്പോൾ കൂടുതൽ വ്യായാമം ചെയ്യാനുള്ള താത്പര്യവും ആത്മവിശ്വാസവും വർധിക്കും. ചെറിയൊരു വർധന പോലും നല്ല മാറ്റങ്ങൾക്ക് വഴിയൊരുക്കാമെന്നും എന്നും അവർ കൂട്ടിച്ചേർത്തു.

A new study suggests that increasing daily step counts may help people maintain weight loss in the long term and a goal to shoot for may be around 8,500 steps a day.

More Stories from this section

family-dental
witywide