വിട്ടുകൊടുക്കാതെ ട്രംപും കാർണിയും, വിലക്കയറ്റ ഭീതിയിൽ ജനങ്ങൾ; മൂന്ന് മേഖലകളിലെ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിക്കാൻ സാധ്യത

അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക തർക്കം രൂക്ഷമായ വ്യാപാര യുദ്ധത്തിലേക്ക് വഴിമാറുന്നു. കാനഡയിൽ നിന്നുള്ള ഏകദേശം 2,000 കോടി ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം നികുതി ചുമത്തി. ഇതിന് മറുപടിയായി സെപ്റ്റംബർ 8 മുതൽ തിരിച്ചടിയെന്നോണം ശക്തമായ നികുതി ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഇറാൻ യുദ്ധം കാരണം ഇന്ധന, ഗതാഗത ചെലവുകൾ ഉയർന്ന പശ്ചാത്തലത്തിൽ ഈ നികുതി വർദ്ധനവ് കൂടി വരുന്നതോടെ വ്യാപാരികൾക്ക് ഭാരം താങ്ങാനാകാതെ വരികയും അത് ഉപഭോക്താക്കളിലേക്ക് വിലക്കയറ്റമായി എത്തുകയും ചെയ്യും.

പ്രധാനമായും മൂന്ന് മേഖലകളിലെ ഉൽപ്പന്നങ്ങൾക്കാണ് വില വർദ്ധിക്കാൻ സാധ്യത

പേപ്പർ ഉൽപ്പന്നങ്ങൾ:

പാർച്ച്മെന്റ് പേപ്പർ, പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ എന്നിവയ്ക്കെല്ലാം പുതിയ നികുതി ബാധകമാണ്. കൂടാതെ കാർഡ്ബോർഡ് പെട്ടികളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ക്രാഫ്റ്റ്‌ലൈനർ, വിവിധതരം പ്ലൈവുഡുകൾ എന്നിവയുടെ വിലയും ഉയരും. കഴിഞ്ഞ വർഷം കാനഡയിൽ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്ത ഏകദേശം 150 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങളെ ഇത് ബാധിക്കും.

മദ്യോത്പന്നങ്ങൾ:

വൈൻ, ബിയർ, വിസ്കി, വോഡ്ക, ജിൻ തുടങ്ങിയ മദ്യോത്പന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 150 കോടി ഡോളറിന്റെ മദ്യമാണ് അമേരിക്ക കാനഡയിൽ നിന്ന് വാങ്ങിയിരുന്നത്. മുൻപ് അമേരിക്കൻ നികുതിക്ക് തിരിച്ചടിയായി കനേഡിയൻ പ്രവിശ്യകൾ യുഎസ് മദ്യ ഉൽപ്പന്നങ്ങൾ കടകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ക്ഷീരോത്പന്നങ്ങൾ:

പാൽ, ചീസ്, വെണ്ണ, വേ (Whey) ഉൾപ്പെടെയുള്ള കനേഡിയൻ ക്ഷീരോത്പന്നങ്ങളും നികുതി വർദ്ധനവിന്റെ പരിധിയിൽ വരുന്നു. കഴിഞ്ഞ വർഷം കാനഡയിൽ നിന്ന് 7.8 കോടി ഡോളറിന്റെ ക്ഷീരോത്പന്നങ്ങളാണ് യുഎസ് വാങ്ങിയത്. കാനഡ അമേരിക്കൻ ക്ഷീരമേഖലയോട് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. കാനഡ തിരിച്ചടി നൽകിയാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള നികുതി ട്രംപും വീണ്ടും ഉയർത്തിയേക്കും. ഇത് അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയുമായുള്ള ബന്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കും.

More Stories from this section

family-dental
witywide