
വാഷിംഗ്ടൺ: ഇറാൻ സാമ്പത്തികമായി പൂർണ്ണമായും തകർന്നടിയുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന് മേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങളും ഉപരോധ നടപടികളും ഏർപ്പെടുത്താൻ അമേരിക്ക തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ ഈ പ്രതികരണം പുറത്തുവന്നത്.
ടെഹ്‌റാനുമേൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് നടത്തുന്ന വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനെ കാത്തിരിക്കുന്നത് ശക്തമായ ഒരു സാമ്പത്തിക ദിനമാണെന്ന് സ്കോട്ട് ബെസ്സെന്റ് ഫിനാൻഷ്യൽ ടൈംസിലെ ലേഖനത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ടെഹ്‌റാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും പ്രഖ്യാപിക്കാൻ പോകുന്ന പദ്ധതികളുടെ പൂർണ്ണമായ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം അമേരിക്കയുടെ ഉപരോധ ഭീഷണികൾക്ക് പിന്നാലെ ഇറാനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇറാന്റെ കറൻസി മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് പതിച്ചു. തുറന്ന വിപണിയിൽ ഒരു യുഎസ് ഡോളറിന് 20 ലക്ഷത്തിലധികം റിയാൽ എന്ന നിലയിലാണ് നിലവിൽ കറൻസി മൂല്യം ഇടിഞ്ഞിരിക്കുന്നത്.











