എന്താണ് അമേരിക്ക ചെയ്യാൻ പോകുന്നത്? ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ട്രംപിന്‍റെ പടപ്പുറപ്പാട്; കടുത്ത നടപടികളിലേക്ക് യുഎസ്

വാഷിംഗ്ടൺ: ഇറാൻ ഭരണകൂടത്തെ പൂർണ്ണമായി ഒറ്റപ്പെടുത്തുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധ നടപടികളുടെ വിശദാംശങ്ങൾ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്‍റ് പുറത്തുവിടും. മുൻപ് സൈനിക ശക്തിക്ക് കൈവരിക്കാൻ സാധിക്കാത്ത കീഴടങ്ങൽ, ശക്തമായ സാമ്പത്തിക നീക്കങ്ങളിലൂടെ നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് വാഷിംഗ്ടൺ. നിലവിൽ ഇറാനിൽ നിന്നുള്ള എണ്ണ വിൽപ്പനയെ തടസ്സപ്പെടുത്തുന്ന ഉപരോധം അമേരിക്ക ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചൈന ഉൾപ്പെടെയുള്ള പ്രമുഖ ഉപഭോക്താക്കളിലേക്ക് എണ്ണ എത്തുന്നതിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വരാനിരിക്കുന്ന അമേരിക്കൻ സന്ദർശനം കണക്കിലെടുത്ത് ചൈനീസ് ബാങ്കുകൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ ഇപ്പോൾ നടപടിയുണ്ടാകാൻ സാധ്യത കുറവാണ്.

ഉപരോധങ്ങൾക്ക് പുറത്തുള്ള എണ്ണശേഖരം ഉപയോഗിച്ച് ഏകദേശം നാല് മാസത്തെ വരുമാനം കണ്ടെത്താൻ ഇറാന് സാധിച്ചേക്കുമെന്നും, അതിനുശേഷവും കടത്തുമാർഗ്ഗങ്ങൾ അടച്ചാൽ വരുമാനം പൂജ്യത്തിലേക്ക് കൂപ്പുകുത്തുമെന്നും കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ കപ്ലർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ യുദ്ധ പശ്ചാത്തലത്തിലും ഉയർന്ന പണപ്പെരുപ്പത്തിലും തകർന്നടിയുന്ന ഇറാന്റെ സാമ്പത്തിക വ്യവസ്ഥയെ പൂർണ്ണമായി തകർക്കാൻ മാസങ്ങൾ എടുത്തേക്കാം. ദശാബ്‍ദങ്ങളായുള്ള യുഎസ് ഉപരോധങ്ങളെ അതിജീവിച്ച് ‘സർവൈവൽ ഇക്കോണമി’ കെട്ടിപ്പടുത്ത ഇറാനെ പെട്ടെന്ന് തളർത്തുക എളുപ്പമല്ലെന്ന് റൈസ്റ്റാഡ് എനർജിയിലെ ഭൗമരാഷ്ട്രീയ വിശകലന വിഭാഗം മേധാവി ജോർജ്ജ് ലിയോൺ അഭിപ്രായപ്പെട്ടു.

ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായി അടയ്ക്കണമെങ്കിൽ നിയമവിരുദ്ധ വ്യാപാര ശൃംഖലകളെയും ബാങ്കിംഗ് ശൃംഖലകളെയും തകർക്കേണ്ടതുണ്ട്. യുഎഇ, ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം നെറ്റ്‌വർക്കുകൾക്കെതിരെ ശക്തമായ നടപടി ആവശ്യമാണ്. ഇതിന്റെ ഭാഗമായി യുഎഇ ഇറാനുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും വ്യാപാരങ്ങളും നിർത്തിവെച്ചത് ഇറാന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. എങ്കിലും, എണ്ണക്കടത്തും കള്ളപ്പണ ഇടപാടുകളും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൂർണ്ണമായും തടയാൻ അന്താരാഷ്ട്ര തലത്തിൽ വലിയ ഏകോപനം ആവശ്യമാണെന്നിരിക്കെ, ട്രംപിന്റെ സാമ്പത്തിക യുദ്ധത്തിന്റെ ഫലം ഉടൻ തന്നെ ദൃശ്യമാകില്ലെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide