കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാർത്താസമ്മേളനം കാണാൻ കാത്തിരിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ഓരോ വാർത്താസമ്മേളനവും വിനോദവും വിജ്ഞാനവുമാണെന്നും നടൻ ജഗദീഷ്. തൃപ്പൂണിത്തുറ അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും തനിക്ക് വേണ്ടെന്ന മുഖവുരയോടെയായിരുന്നു ജഗദീഷ് സംസാരിച്ചു തുടങ്ങിയത്.
ഇന്ന് വന്നയുടനെ ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു, ‘സിഎം, അങ്ങയുടെ വാർത്താസമ്മേളനം കാണാൻ ഞങ്ങൾ താത്പര്യപൂർവം ബുധനാഴ്ചകളിൽ കാത്തിരിക്കുന്നു’ എന്ന്. ഏറ്റവും നല്ല വിനോദമാണ്. വിനോദവും വിജ്ഞാനവും അതിലുണ്ട്. മാധ്യമപ്രവർത്തകരെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി കണ്ട് പഠിക്കേണ്ടത് തന്നെയാണ്. ഉപരിപ്ലവമായല്ല, മറിച്ച് വസ്തുതകളും കണക്കുകളും നിരത്തി, കാര്യങ്ങൾ പഠിച്ച് അപഗ്രഥിച്ചാണ് അദ്ദേഹം സംസാരിക്കാറ്. നിയമസഭയിലെ പ്രസംഗങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നാണ് എനിക്ക് പറയാനുള്ളതെന്നും ചടങ്ങിൽ ജഗദീഷ് പറഞ്ഞു.
എന്നെ സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ‘വെരി ഡൗൺ ടു എർത്ത്’ ആണ്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എന്നെ ഒരുദിവസം പ്രചാരണത്തിന് കിട്ടണമെന്ന് അന്നത്തെ സ്ഥാനാർഥി ആഗ്രഹിച്ചു. ഞാൻ അവിടെ ചെന്ന് തുരുതുരാ യോഗങ്ങളിൽ പങ്കെടുക്കുകയാണ്. ഉച്ചഭക്ഷണത്തിന്റെ സമയത്ത്, ആ തിരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല വഹിച്ച ഇന്നത്തെ മുഖ്യമന്ത്രി ലിസ്റ്റ് നോക്കി. ’42 പ്രസംഗങ്ങളോ. ജഗദീഷേട്ടൻ അത്രയൊന്നും പ്രസംഗിക്കേണ്ട. 21 അല്ലെങ്കിൽ 22. അതിൽ കൂടുതൽ വേണ്ട’ എന്ന് അദ്ദേഹം പറഞ്ഞുവെന്നും അന്ന് ഞാൻ മനസിലാക്കി, മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നയാളാണ് അദ്ദേഹമെന്നും ജഗദീഷ് വ്യക്തമാക്കി.
ഇത് രാഷ്ട്രീയമല്ല. ഞാൻ നിഷ്പക്ഷനായ കലാകാരനാണ്. ഈ സർക്കാരിനെ നല്ലത് ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കാനും വിമർശിക്കേണ്ടപ്പോൾ വിമർശിക്കാനും എനിക്ക് കഴിയും. ഞാൻ സ്ഥാനങ്ങൾ വഹിക്കാത്തതിനാൽ തന്നെ ജനപക്ഷനിലപാടിന് വിരുദ്ധമായി എന്തെങ്കിലും വന്നാൽ അത് ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നും അങ്ങനെ ചൂണ്ടിക്കാണിച്ചാൽ അതിനുള്ള പരിഹാരവും മുഖ്യമന്ത്രി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
Actor Jagadish says he looks forward to watching V.D. Satheesan’s press conferences; describing them as both entertaining and informative, he suggests they should be compiled into a book.












