
മലപ്പുറത്ത് ഡി.സി.സി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സ്വീകരണ പരിപാടിയിൽ കോൺഗ്രസിലെ ആഭ്യന്തര വിഭാഗീയത വീണ്ടും പരസ്യമാകുന്നു. ജില്ലയിലെ കോൺഗ്രസിന്റെ ചരിത്രവിജയത്തിന് ശേഷം ഒരുക്കിയ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരുപോലും പരാമർശിക്കാൻ ഭൂരിഭാഗം എം.എൽ.എമാരും തയ്യാറായില്ല. കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്ത പരിപാടിയുടെ ഫ്ലക്സ് ബോർഡുകളിൽ നിന്നുപോലും വി.ഡി സതീശന്റെ ചിത്രം പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരുന്നു.
ചടങ്ങിൽ പ്രസംഗിച്ച നേതാക്കളെല്ലാം കെ.സി വേണുഗോപാലിനെ വാനോളം പുകഴ്ത്തുന്ന നിലപാടാണ് സ്വീകരിച്ചത്. തവനൂരിലെ വിജയത്തിനായി തന്നെക്കാൾ കൂടുതൽ പ്രയത്നിച്ചതും ആശങ്കപ്പെട്ടതും കെ.സി വേണുഗോപാലാണെന്ന് വി.എസ് ജോയ് പറഞ്ഞപ്പോൾ, നിലമ്പൂരിൽ തന്നെ സ്ഥാനാർത്ഥിയാക്കിയത് കെ.സിയാണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ തുറന്നുപറച്ചിൽ. മന്ത്രി എ.പി അനിൽകുമാറും തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ പരാമർശിച്ചതേയില്ല.
എന്നാൽ, കെ.സി പക്ഷക്കാരായ എം.എൽ.എമാർക്ക് മറുപടിയുമായി വി.ഡി സതീശൻ അനുകൂലിയായ പൊന്നാനി എം.എൽ.എ കെ.പി നൗഷാദ് അലി രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി സതീശൻ സർക്കാരിന് കൂടുതൽ കരുത്തുപകരണമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. നേരത്തെ നേതൃത്വത്തെ നിശ്ചയിക്കുന്ന ഘട്ടത്തിലും മലപ്പുറത്തെ ഒരുവിഭാഗം നേതാക്കൾ കെ.സി വേണുഗോപാലിനൊപ്പം നിലയുറപ്പിച്ചപ്പോൾ വി.ഡി സതീശന് ഉറച്ച പിന്തുണ നൽകിയത് നൗഷാദ് അലി മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാകുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവം.
Factional Rifts Surface at Malappuram Congress Event: MLAs Omit Mention of VD Satheesan














