
തിരുവനന്തപുരം: സിനിമകളുടെ പേരിടലിൽ സെൻസർ ബോർഡിന് സമ്പൂർണ്ണ ആധിപത്യം നൽകുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. സിനിമയുടെ പേര് മാറ്റാൻ പരിശോധനാ സമിതിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്. കൂടാതെ, അപേക്ഷിക്കുന്ന സമയത്തെ പേര് മുൻകൂട്ടി അംഗീകരിച്ചതായി കണക്കാക്കില്ലെന്നും പൂർത്തിയാകാത്ത വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. റിലീസ് തീയതി മാത്രം കണക്കിലെടുത്ത് സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഒക്ടോബർ 26-ന് 18 അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ച സെൻസർ ബോർഡാണ് ഈ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് സെക്ഷൻ 5B(1), 2024-ലെ റൂൾ 25 എന്നിവ പ്രകാരം സിനിമയുടെ പേരിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ പരിശോധനാ സമിതിക്ക് നിയമപരമായ അധികാരമുണ്ടെന്നാണ് ബോർഡിന്റെ വാദം. അടുത്തിടെ തമിഴ് ചിത്രം ‘ജനനായകൻ’, ദിൽജിത് ദൊസാഞ്ജിന്റെ ‘സത്ലജ്’, സുരേഷ് ഗോപി ചിത്രം ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ തുടങ്ങിയ സിനിമകളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഉയർന്ന പേരുമാറ്റ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സെൻസർ ബോർഡ് നടപടികൾ കടുപ്പിച്ചത്.
അതേസമയം, സെൻസർ ബോർഡിന്റെ പുതിയ ഉത്തരവ് സിനിമാ നിർമ്മാണ രംഗത്തെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബർ രംഗത്തെത്തി. തീയതി നിശ്ചയിച്ച് പ്രൊമോഷനുകളും ബിസിനസ്സും നടത്തുന്ന സിനിമാ വ്യവസായത്തിന് പേരുമാറ്റ നിബന്ധനയും അപേക്ഷയിലെ കർശന നിയന്ത്രണങ്ങളും തിരിച്ചടിയാകുമെന്നും ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു.
Censor Board Gets Ultimate Authority to Change Film Titles; Will Not Accept Applications for ‘Work-in-Progress’ Movies















