ന്യൂഡൽഹി: പരീക്ഷാ സംവിധാനത്തിലെ അപാകതകൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികളുടെ ആശങ്കകൾ ന്യായമാണെന്നും അവ ഏറെ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്നും മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിദ്യാർഥികൾ ദിവസങ്ങളായി ഡൽഹിയിലെ തെരുവുകളിൽ കഴിയുന്നത് കാണുന്നത് ഏറെ വേദനാജനകമാണെന്ന് അദ്ദേഹം തൻ്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
പരീക്ഷാ രീതികളിലെ ക്രമക്കേടുകളും അപാകതകളും പരിഹരിക്കാൻ ശാശ്വതമായ ഒരു മാർഗമാണ് കണ്ടെത്തേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥി സമരത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കണ്ട് പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. സമരസ്ഥലത്ത് പെൺകുട്ടികളെപ്പോലും ക്രൂരമായി കൈകാര്യം ചെയ്യുന്നത് കാണുന്നത് ഏറെ ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള ബലപ്രയോഗങ്ങൾ ‘വികസിത ഭാരതം’ എന്ന ദേശീയ ലക്ഷ്യത്തിൽനിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റാൻ മാത്രമേ ഉപകരിക്കൂ എന്ന് ജോഷി മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ശക്തമായ വിദ്യാർഥി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവിന്റെ ഈ പ്രതികരണം ഭരണകൂടത്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
Address Student Concerns With Empathy, Don’t Suppress Protests: Murli Manohar Joshi











