ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച കേസിൽ ദ്രുതഗതിയിലുള്ള വിചാരണ ഉറപ്പാക്കുന്നതിനായി ഡൽഹി ഹൈക്കോടതി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കി. പബ്ലിക് എക്സാമിനേഷൻസ് ആക്ട് 2024 പ്രകാരമുള്ള കുറ്റകൃത്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനൽ കേസുകളും റൗസ് അവന്യൂ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഈ കോടതിയായിരിക്കും വിചാരണ ചെയ്യുക. അനു ഗ്രോവർ ബലിഗയെ സ്പെഷ്യൽ ജഡ്ജിയായി നിയമിച്ചു.
ചോദ്യപേപ്പർ ചോർച്ച തടയാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായത്. പരീക്ഷാ ക്രമക്കേടുകളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുകയും പൊതു റിക്രൂട്ട്‌മെന്റ്, പ്രവേശന പരീക്ഷകൾ എന്നിവയുടെ വിശ്വാസ്യത ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നീറ്റ് (NEET) വിവാദവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിനിടെയാണ് പുതിയ കോടതി നിലവിൽ വരുന്നത്.
അതിനിടെ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ ചുമതലയിൽനിന്ന് മാറ്റി. പകരം നരേഷ് പാൽ ഗാംഗ്‌വറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി സർക്കാർ നിയമിച്ചു. വിനീത് ജോഷിയെ പഞ്ചായത്ത് രാജ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. 1994 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗാംഗ്വാർ നേരത്തെ മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഡൽഹിയിലെ ജന്തർ മന്തറിൽ കോക്‌റോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഈ നിർണായക തീരുമാനമെടുത്തത്. പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നേരിട്ട് മറുപടി നൽകണമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടത്തരുതെന്നും വിവിധ ഐ.ഐ.എം പൂർവ്വ വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
നീറ്റ് ക്രമക്കേടുകൾക്കെതിരേ സി.ജെ.പി നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികൾ കൂടി എത്തിയതോടെ രാജ്യതലസ്ഥാനം കനത്ത പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി.
Paper Leak: Delhi High Court Sets Up Fast-Track Court; Higher Education Secretary Replaced Amid Student Protests











