‘തോറ്റാലും കുഴപ്പമില്ല, തട്ടിപ്പ് നടത്തരുത്’, അച്ഛന്റെ വാക്കുകളുമായി വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സച്ചിൻ തെണ്ടുൽക്കർ

മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. പരാജയപ്പെട്ടാലും കുഴപ്പമില്ലെന്നും എന്നാൽ ഒരിക്കലും തട്ടിപ്പിലൂടെയോ കുറുക്കുവഴികളിലൂടെയോ ജയിക്കാൻ ശ്രമിക്കരുതെന്നുമാണ് അച്ഛൻ തനിക്ക് നൽകിയ പാഠമെന്ന് സച്ചിൻ ഓർമിപ്പിച്ചു. വിദ്യാർഥികളുടെ കഠിനാധ്വാനം ഒരിക്കലും പാഴാകരുതെന്നും സുതാര്യവും മെറിറ്റിന് മാത്രം മുൻഗണന നൽകുന്നതുമായ ഒരു വിദ്യാഭ്യാസ രീതി രാജ്യത്ത് ആവശ്യമാണെന്നും സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ നേരിട്ട് പരാമർശിക്കാതെയായിരുന്നു സച്ചിന്റെ പ്രതികരണം. തന്റെ പിതാവ് ഒരു പ്രൊഫസറായിരുന്നുവെന്നും നിരവധി വിദ്യാർഥികൾക്ക് അദ്ദേഹം വഴികാട്ടിയായിരുന്നുവെന്നും സച്ചിൻ പറഞ്ഞു. അധ്വാനത്തേക്കാളുപരി ഫലത്തിന് മാത്രം മുൻഗണന നൽകുന്ന ഒരു സമൂഹം യോഗ്യതയ്ക്ക് പകരം കുറുക്കുവഴികളാകും തിരഞ്ഞെടുക്കുകയെന്നും, കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കാതിരിക്കുമ്പോൾ യുവാക്കളിൽ ഉണ്ടാകുന്ന നിരാശ സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വപ്‌നങ്ങളും ഊർജ്ജവും നിറഞ്ഞ യുവ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും അധ്യാപകരും ഭരണാധികാരികളും അടങ്ങുന്ന സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർഥികൾക്ക് ഇനിയൊരിക്കലും അർഹിച്ച ഫലം ലഭിക്കാതെ വരുന്ന അവസ്ഥയുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം. സത്യസന്ധതയും മെറിറ്റും ജയിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ച് കുട്ടികളുടെ ഭാവി സംരക്ഷിക്കാനുള്ള പരിഹാര മാർഗങ്ങൾ രാജ്യം കണ്ടെത്തുമെന്നും സച്ചിൻ പ്രത്യാശ പ്രകടിപ്പിച്ചു.

“Better to Fail Than Cheat”: Sachin Tendulkar Backs Students Protest Over NEET Paper Leak

More Stories from this section

family-dental
witywide