കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ ജോലി നൽകി. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്കാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ സുരക്ഷാ ഓഫീസറായി നിയമനം നൽകിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. മകൾക്ക് ആശ്രിത നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് അടിയന്തരമായി ഉത്തരവിറക്കാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ശക്തമായ ആവശ്യം പരിഗണിച്ചായിരുന്നു സർക്കാർ നടപടി. എന്നാൽ കേസ് സിബിഐക്ക് വിടുന്ന നീക്കത്തെ ഭരണകക്ഷിയായ സിപഎം എതിർത്തിരുന്നു. നിലവിൽ പോലീസ് സമർപ്പിച്ച കുറ്റപത്രപ്രകാരം സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതി.
കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിനിടെ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. ചടങ്ങിന് ശേഷം ലഭിച്ച ഉപഹാരങ്ങൾ പോലും വാങ്ങാതെയാണ് അദ്ദേഹം ക്വാർട്ടേഴ്സിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് പോകാനായി ട്രെയിൻ ടിക്കറ്റ് എടുത്തിരുന്ന നവീൻ ബാബു പുലർച്ചെ ചെങ്ങന്നൂരിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളിക്കുന്നിലെ താമസസ്ഥലത്ത് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ADM Naveen Babu’s Daughter Appointed to Government Job in Food Safety Department












