
ബർലിൻ: സ്വന്തം മക്കളോട് നിലവിൽ അമേരിക്കയിൽ ജീവിക്കാനോ ഉപരിപഠനം നടത്താനോ താൻ നിർദേശിക്കില്ലെന്ന് വ്യക്തമാക്കി ജർമ്മൻ ചാൻസലർ ഫ്രീഡ്രിറിച്ച് മെർസ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അമേരിക്കയിലെ സാമൂഹിക അന്തരീക്ഷവും, ഉയർന്ന വിദ്യാഭ്യാസമുള്ളവർക്ക് പോലും അവിടെ ജോലി കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചായിരുന്നു ചാൻസലറുടെ കടുത്ത പരാമർശം. വുർസ്ബർഗിൽ നടന്ന ഒരു കത്തോലിക്കാ യുവജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിൽ നിലവിൽ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പോലും അവസരങ്ങൾ പരിമിതമാണെന്ന് എഴുപതുകാരനായ മെർസ് അഭിപ്രായപ്പെട്ടു. ലോകത്തെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ ഒഴിവാക്കി, സ്വന്തം രാജ്യത്തിൻ്റെ സാധ്യതകളിൽ ജർമ്മൻ യുവാക്കൾ ശുഭാപ്തിവിശ്വാസം പുലർത്തണം. യുവാക്കൾക്ക് ജർമ്മനിയേക്കാൾ മികച്ച അവസരങ്ങൾ നൽകുന്ന രാജ്യങ്ങൾ ലോകത്ത് വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എൻ്റെ കുട്ടികൾ ഇന്ന് യുഎസിലേക്ക് പോകാനോ, അവിടെ വിദ്യാഭ്യാസം നേടാനോ, ജോലി ചെയ്യാനോ ഞാൻ ശുപാർശ ചെയ്യില്ല. കാരണം അവിടെ പെട്ടെന്നൊരു സാമൂഹിക അന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണ്. ഇന്ന് അമേരിക്കയിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നേടിയ ആളുകൾക്ക് പോലും ഒരു ജോലി കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ്.”- മൂന്ന് കുട്ടികളുടെ പിതാവായ മെർസ് പറയുന്നു.
പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭരണത്തിൻ് കീഴിൽ അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം വഷളാകുന്നതിൻ്റെ വ്യക്തമായ സൂചനയാണ് ചാൻസലറുടെ ഈ പ്രസ്താവന. വ്യാപാര തർക്കങ്ങൾ, യുക്രെയ്ൻ യുദ്ധം, ഇറാൻ വിഷയം എന്നിവയെച്ചൊല്ലി നാറ്റോ സഖ്യത്തിൽ ഭിന്നത രൂക്ഷമാണ്. ഇറാൻ യുദ്ധത്തിൽ അമേരിക്ക അപമാനിക്കപ്പെടുകയാണെന്ന മെർസിൻ്റെ മുൻ പ്രസ്താവന ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ജർമ്മനിയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ ഭാഗികമായി പിൻവലിക്കുമെന്നും വാഷിംഗ്ടൺ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കുന്ന തരത്തിൽ ചാൻസലറുടെ പുതിയ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
Advise children not to study or live in America; German Chancellor’s words spark debate















