
മരണവീടുകളിലെ മലയാളികളുടെ പെരുമാറ്റത്തെയും മരിച്ചുകിടക്കുന്നവരെ കുറ്റപ്പെടുത്തുന്ന പ്രവണതയെയും രൂക്ഷമായി വിമർശിച്ച് നടൻ സിദ്ധിഖ് രംഗത്തെത്തി. മരിച്ചുകിടക്കുന്നവരെ ഇത്തരത്തിൽ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും എന്ന് ചോദിച്ച താരം, അടുത്ത ദിവസങ്ങളിൽ സിനിമാ മേഖലയിൽ നിന്നുള്ള ഒരാളുടെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. കുറിപ്പിൽ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഛായാഗ്രാഹകൻ ഷാജികുമാറിന്റെ മരണവീട്ടിൽ വെച്ചുണ്ടായ സംഭവമാണിതെന്നാണ് സൂചനകൾ.
സിദ്ധിഖിന്റെ കുറിപ്പ്
മരണ ഭയം
എവിടെയോ വായിച്ച ഒരു ഓർമ. മരണവീട്ടിലേക്ക് നമ്മൾ ഓടിയെത്തുന്നത്, നഷ്ടപ്പെട്ട ബന്ധുവിനെയോ സുഹൃത്തിനെയോ ഓർത്തുള്ള ദുഃഖത്തോടെ മാത്രമല്ല. മറിച്ച്, മരിച്ചത് താൻ അല്ലല്ലോ എന്ന, ചെറിയ ഒരു ആശ്വാസത്തോടും കൂടിയാണ്. ഓരോരുത്തരും ഈ ലോകത്തോട് യാത്ര പറഞ്ഞു പോകുമ്പോഴും, നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ എന്ന സന്തോഷം അനുഭവിക്കുന്നുണ്ട് നമ്മളിൽ പലരും. ആ സന്തോഷത്തിന്റെ അളവ്, മരിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.
അതിൽ ആരെയും തെറ്റു പറയാനോ കുറ്റപ്പെടുത്താനോ ആവില്ല. എന്നാൽ, ഒരു മരണവീട്ടിൽ വന്നുനിന്ന്, മരിച്ച വ്യക്തിയെ, അയാളുടെ മരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ, ദുഃഖമോ ദേഷ്യമോ അല്ല, ഒരുതരം ഞെട്ടലാണ് അനുഭവപ്പെടുന്നത്. നാളെ ഞാനും ഇതുപോലെ വെള്ള പുതച്ചു കിടക്കുമ്പോൾ, എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് അവകാശപ്പെടുന്നവർ വന്നുനിന്ന്, എന്നെക്കുറിച്ചും ഇതുപോലെ പറഞ്ഞു രസിക്കില്ലേ?
കഴിഞ്ഞദിവസം എന്റെ ഒരു സുഹൃത്ത് (പേര് പറയുന്നില്ല നിങ്ങൾക്കൊക്കെ അറിയാം) ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട്, യാത്ര പോലും പറയാതെ പെട്ടെന്ന് അങ്ങ് പോയിക്കളഞ്ഞു. അവസാനമായി ആ ഭൗതികശരീരം ഒന്ന് കാണാൻ ഞാനും പോയി. പ്രശസ്തരും, പ്രഗത്ഭരുമായ ഒരുപാട് പേർ കൂടി നിൽപ്പുണ്ട്. എന്താണ് സംഭവിച്ചത് എന്ന ചോദ്യങ്ങളും, ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ചുള്ള ഉത്തരങ്ങളും കേട്ടു.
‘ഷുഗർ ഉണ്ടായിരുന്നോ? പിന്നെ, 400 മുകളിലായിരുന്നു. 510 ആണെന്നാ ഞാൻ കേട്ടത്. പ്രഷർ 220 ആയിരുന്നെന്നും 300 ആയിരുന്നെന്നും പറയുന്നുണ്ട്. തടി വല്ലാതെ കൂടുതലായിരുന്നു. വ്യായാമമൊന്നും ഇല്ലല്ലോ? മാത്രമല്ല ചോറ് ഒരുപാട് കഴിക്കും. അയ്യയ്യോ, ഞാനൊക്കെ രണ്ടുനേരവും ചപ്പാത്തിയാ. കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ ഞാൻ പറഞ്ഞതാ ചെക്കപ്പ് ചെയ്യണേ എന്ന്. കേട്ടില്ല. നമുക്ക് പിന്നെ, ദൈവം സഹായിച്ച് പ്രഷറും ഷുഗറും ഒന്നുമില്ല. പുള്ളി മദ്യപിക്കുമായിരുന്നോ? ഏയ്, അതില്ല. അതുകൊണ്ട് കാര്യമില്ല. ഞാൻ ദിവസവും രണ്ടെണ്ണം അടിക്കും. പക്ഷേ രാവിലെ ഒരു പത്ത് കിലോമീറ്റർ നടക്കും. അതുകൊണ്ടല്ലേ ഇപ്പോഴും ഇങ്ങനെ കുട്ടപ്പൻ ആയിട്ട് ഇരിക്കുന്നത്.! പ്രായം എത്രയായിന്നാ വിചാരം? 50 കഴിഞ്ഞോ? ഹ… ഹ… ഹ.. 62. ദൈവമേ!ദൈവം പോലും പറയില്ലല്ലോ!’.
അവിടെനിന്ന് കുറച്ചു മാറിനിന്നാലോ എന്ന് കരുതി, നടക്കാൻ തുടങ്ങിയ എന്നെ, മറ്റൊരു പ്രശസ്തൻ പിടിച്ചു നിർത്തി. ‘വല്ല ചെക്കപ്പ് ഒക്കെ ചെയ്യുന്നുണ്ടോ?. ഏയ്,ഒന്നും ചെയ്യാറില്ല’.
അയാൾക്കൊരു സന്തോഷമായിക്കോട്ടേ, എന്ന് കരുതി ഞാൻ പറഞ്ഞു. ‘ഇതുപോലെ പെട്ടെന്ന് ഒരു ദിവസം അങ്ങ് പോകും. സൂക്ഷിച്ചോ’. ‘അന്ന് ഫ്രീ ആയിരിക്കുവോ? വരാൻ സമയമുണ്ടാകുമോ?’. എന്റെ ചോദ്യം ഇഷ്ടപ്പെടാതെ അയാൾ എന്റെ കയ്യിൽ നിന്നും പിടി വിട്ടു.
ജീവിച്ചിരിക്കുമ്പോൾ ഒരാളെപ്പറ്റി നല്ലത് പറയാത്ത നമ്മൾ, മരിക്കുമ്പോൾ അയാളെ വാനോളം പുകഴ്ത്തും. അത് മറ്റുള്ളവർക്ക് കേൾക്കാനാണ്. ഒരാളെപ്പറ്റി നല്ലത് പറഞ്ഞു എന്ന ഖ്യാതി കിട്ടാനാണ്.
എന്നാൽ, മരിച്ചു കിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?. മരണം എന്നെ പിടികൂടാത്തത് എന്റെ മിടുക്കു കൊണ്ടാണെന്ന് വിചാരിക്കുന്നുണ്ടാവുമോ ഇവർ? മരിച്ചു കിടക്കുമ്പോൾ മറ്റുള്ളവർ വന്ന് കുറ്റപ്പെടുത്തുമല്ലോ എന്ന് ഓർത്തിട്ട് എനിക്കിപ്പോൾ മരിക്കാൻ ഭയം തോന്നുന്നു.
മരണം ആരുടെയും കുറ്റമല്ല. ആരും അറിഞ്ഞുകൊണ്ട് വിളിച്ചു വരുത്തുന്നതുമല്ല.
വായിച്ചിട്ടില്ലേ? ജീവിക്കാൻ ധൈര്യമില്ലാത്തവർ ആത്മഹത്യ ചെയ്യുന്നു. അതിനും ധൈര്യമില്ലാത്തവർ ഇപ്പോഴും ഇവിടെ ജീവിക്കുന്നു.
Afraid to Die: Actor Siddique Criticizes Habit of Blaming the Deceased at Funerals









