തിരുവനന്തപുരം: പൊലീസ് എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തലിൽനിന്നും ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ സമരസമിതി കൺവീനർ എസ് വളർമതി വീണ്ടും സമരകേന്ദ്രത്തിലെത്തി. നിരാഹാര സമരം തുടരുകയാണെന്നും സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ലെന്നും വളർമതി പറഞ്ഞു.
ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്ന സർക്കാർ നിലപാടിനോട് കടുത്ത പ്രതിഷേധം തന്നെ തുടരും. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത, ആവശ്യപ്പെട്ട കാര്യംപോലും ചെയ്ത് തരുന്നില്ല. ആരോഗ്യാവസ്ഥ മോശമായ തന്നെയാണ് ബലപ്രയോഗിച്ച് പൊലീസ് കൊണ്ടുപോയതെന്നും ജനറൽ ആശുപത്രിയിലെത്തിച്ചശേഷം രാവിലെ ഏഴരവരെയും ഒരു ചികിത്സയും അനുവദിച്ചില്ലെന്നും വളർമതി വ്യക്തമാക്കി.
രക്തവും ബിപിയും പോലും പരിശോധിച്ചില്ലെന്നും തന്നെ സമരകേന്ദ്രത്തിൽനിന്ന് മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും വളർമതി പറഞ്ഞു. അതേസമയം, എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് മാർച്ച് സംഘടിപ്പിച്ചു.
Valarmathi returns to the protest site; the hunger strike will continue—the government cannot suppress it.









