
ആറന്മുള ഉതൃട്ടാതി ജലമേളയിൽ എ ബാച്ചിൽ മേലുകര പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. എ ബാച്ചിൽ മേലുകര തുടർച്ചയായ രണ്ടാം വിജയമാണ് സ്വന്തമാക്കിയത്. വാശിയേറിയ എ ബാച്ച് ഫൈനൽ മത്സരത്തിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മേലുകര പള്ളിയോടം മന്നം ട്രോഫി കരസ്ഥമാക്കിയത്. മത്സരത്തിൽ കോയിപ്പുറം പള്ളിയോടം രണ്ടാം സ്ഥാനം നേടി.
ബി ബാച്ചിൽ ഫോട്ടോ ഫിനിഷിലൂടെയാണ് കോറ്റാത്തൂർ കൈതക്കോടി ഹാട്രിക് നേട്ടം കൈവരിച്ചത്. തോട്ടപ്പുഴശ്ശേരി, മംഗലം, വന്മഴി പള്ളിയോടങ്ങളെ പിന്നിലാക്കിയാണ് കോറ്റാത്തൂർ കൈതക്കോടി വിജയം ഉറപ്പിച്ചത്. ജലമേളയിൽ ഏ ബാച്ചിൽ 34 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളും പങ്കെടുത്തു. ഹീറ്റ്സുകൾ മുതൽ കാണികൾക്ക് വലിയ ആവേശം പകരുന്നതായിരുന്നു മത്സരങ്ങൾ.
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനാണ് ജലമേള ഉദ്ഘാടനം ചെയ്തത്. 33 വർഷത്തിന് ശേഷമാണ് ഉപരാഷ്ട്രപതി പദവിയിലുള്ള ഒരാൾ ആറന്മുള ജലമേള ഉദ്ഘാടനം ചെയ്യാനെത്തുന്നത്. ജലഘോഷയാത്ര ആസ്വദിച്ച ശേഷമാണ് ഉപരാഷ്ട്രപതി മടങ്ങിയത്. മികച്ച ചമയം, പാട്ട്, അച്ചടക്കം തുടങ്ങി വിവിധ ഇനങ്ങളിലും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Aranmula Uthrittathi Boat Race: Melukara and Kotthathoor Kaithakkodi Emerge Champions













