മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജുവിന് വ്ലാഡിമിർ പുടിന്റെ പ്രശംസ; ‘മേക്ക് ഇൻ ഇന്ത്യ’യ്ക്ക് കരുത്തുപകരുന്ന കണ്ടെത്തലുകളെന്ന് റഷ്യൻ പ്രസിഡന്റ്

മോസ്കോ: മോസ്കോയിൽ നടന്ന ‘എഐ ജേർണി 2026’ അന്താരാഷ്ട്ര സമ്മേളനത്തിൽ മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജുവിനെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ‘ഇന്ത്യയുടെ എഐ കിഡ്’ എന്നറിയപ്പെടുന്ന പതിനാറുകാരനായ റൗളിന്റെ നിർമ്മിതബുദ്ധി പ്രൊജക്റ്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കരുത്തുപകരുന്നതാണെന്ന് പുടിൻ അഭിനന്ദിച്ചു. കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവിനൊപ്പം ഇന്ത്യ, റഷ്യ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യുവ സംരംഭകരുമായി സംവദിക്കുന്നതിനിടെയായിരുന്നു പുടിന്റെ പരാമർശം.

വിദ്യാഭ്യാസ രംഗത്തെ നിർമ്മിതബുദ്ധിയുടെ ഉപയോഗത്തെക്കുറിച്ചും ഇരുവരും സമ്മേളനത്തിൽ ചർച്ച ചെയ്തു. എഐയെ അമിതമായി ആശ്രയിക്കുന്നത് കുട്ടികളുടെ സ്വതന്ത്ര ചിന്താശേഷിയെയും ഓർമ്മശക്തിയെയും ബാധിക്കുമെന്ന പുടിന്റെ ആശങ്കയ്ക്ക്, എഐ മനുഷ്യന്റെ അറിവിന് പകരമല്ലെന്നും പഠനത്തെ സഹായിക്കുന്ന ഉപാധി മാത്രമാണെന്നും റൗൾ മറുപടി നൽകി. അടിസ്ഥാന അറിവുകൾ നേടിയ ശേഷമാണ് കുട്ടികൾ എഐ ഉപയോഗിക്കേണ്ടതെന്നും, കാണാതെ പഠിക്കുന്നതിന് പകരം പ്രായോഗിക അറിവിനും സർഗ്ഗാത്മകതയ്ക്കും പ്രാധാന്യം നൽകണമെന്നും റൗൾ വ്യക്തമാക്കി.

പത്തനംതിട്ട കോഴഞ്ചേരി എഴുമറ്റൂർ കരിവത്തുംമൂട്ടിൽ അജു ജോസഫിന്റെയും ഷേബ ആനിന്റെയും മകനായ റൗൾ, നോർത്ത് ഇടപ്പള്ളി ജിഎച്ച്എസ്എസിലാണ് നിലവിൽ പഠിക്കുന്നത്. ഒൻപതാം വയസ്സിൽ പിതാവിന്റെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരീക്ഷിച്ചാണ് സാങ്കേതിക ലോകത്തേക്ക് എത്തിയത്. പന്ത്രണ്ടാം വയസ്സിൽ ‘മി-ബോട്ട്’ എന്ന ആദ്യ ഹ്യൂമനോയിഡ് റോബോട്ട് നിർമ്മിച്ച റൗൾ, നിലവിൽ പത്തിലധികം എഐ ടൂളുകൾ വികസിപ്പിക്കുകയും ‘എഐ റിയൽ ടെക്നോളജീസ്’ എന്ന സ്റ്റാർട്ടപ്പ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

സാധാരണക്കാർക്ക് നിയമപരമായ വിവരങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന ‘പ്രൊജക്റ്റ് 47എക്സ്’, ഇന്ത്യൻ ഭാഷകൾ മനസ്സിലാക്കുന്ന വോയ്സ് പ്രോസസിംഗ് സംവിധാനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള ‘തിങ്ക് ക്രാഫ്റ്റ്’ എന്നിവയാണ് പ്രധാന പ്രൊജക്റ്റുകൾ. പൊതുസേവനങ്ങളിൽ എഐ ഉൾപ്പെടുത്തുന്നതിനായി കേരള സർക്കാരും ദുബായ് സർക്കാരും റൗളിന്റെ ഉപദേശം തേടിയിട്ടുണ്ട്. ആമസോൺ, ഐബിഎം തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച പരിചയസമ്പത്തുള്ള പിതാവാണ് കമ്പനിയുടെ ഭരണപരമായ കാര്യങ്ങളിൽ റൗളിന് പിന്തുണ നൽകുന്നത്.

നേരത്തെ ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും റൗൾ സംവദിച്ചിരുന്നു. വേദിക്ക് പുറത്തുവെച്ച് പുടിനൊപ്പം റൗൾ എടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത യാത്രയാണിതെന്നും തനിക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനും പഠിക്കാനുമുണ്ടെന്നും റൗൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിദേശ മാതൃകകളെ അനുകരിക്കുന്നതിന് പകരം ഇന്ത്യയുടെ ആവശ്യങ്ങൾക്കിണങ്ങുന്ന സാങ്കേതികവിദ്യകൾ സ്വയം വികസിപ്പിക്കണമെന്നാണ് ഈ കൗമാരക്കാരന്റെ പക്ഷം.

Vladimir Putin praises 16-year-old Malayali prodigy Raul John Aju at Moscow’s ‘AI Journey 2026’

Also Read

More Stories from this section

family-dental
witywide