അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകളിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉപാധ്യക്ഷനും ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും. സംഭവത്തിൽ കടുത്ത സമ്മർദ്ദം ഉയർന്നതിനെത്തുടർന്നാണ് അന്വേഷണ സംഘം നടപടികളിലേക്ക് നീങ്ങുന്നത്. ചമ്പത് റായിക്ക് പുറമെ ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്രയും നിലവിൽ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. വിവാദങ്ങൾ കടുത്തതോടെ അയോധ്യ ക്ഷേത്രത്തിന്റെ ഭരണപരമായ ചുമതലകൾ താൽക്കാലികമായി ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി.
വൻ വിവാദത്തിന് വഴിവെച്ച സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സർക്കാർ തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് (പിഎംഒ) കൈമാറിയിട്ടുണ്ട്. അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും അയോധ്യയിലെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച പ്രമുഖ വ്യവസായികളുടെയും വ്യാപാരികളുടെയും മൊഴി എസ്ഐടി വിശദമായി രേഖപ്പെടുത്തും.
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ഇന്ത്യൻ ബുള്യൻ ആൻഡ് ജുവലേഴ്സ് അസോസിയേഷൻ സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടി ഉൾപ്പെടെ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച സ്വർണ്ണ, വെള്ളി ആഭരണങ്ങളിൽ വൻ തിരിമറി നടന്നതായാണ് പരാതി. രാജ്യമെമ്പാടുമുള്ള വ്യാപാരികളിൽ നിന്ന് ശേഖരിച്ച് സമർപ്പിച്ച ഈ വെള്ളിക്കട്ടിയുടെ പൊടിപോലും ഇപ്പോൾ ക്ഷേത്രത്തിലില്ലെന്നും ഇതിനെതിരെ പരാതി നൽകുമെന്നും അസോസിയേഷൻ അധ്യക്ഷൻ അനുരാഗ് രസ്തോഗി വ്യക്തമാക്കിയിരുന്നു. മുംബൈ വ്യവസായി അനിൽ വിശ്വകർമ്മ, കാസിൽ ഗ്രൂപ്പ് ചെയർമാൻ ഡോ. രാജു മാൻവാനി എന്നിവർ നൽകിയ കോടിക്കണക്കിന് രൂപയുടെ വെള്ളി ആഭരണങ്ങൾക്കും ട്രസ്റ്റ് രസീത് നൽകിയിരുന്നില്ല. ചമ്പത് റായിയോട് അടുത്ത ബന്ധമുള്ള ചില ക്ഷേത്ര ജീവനക്കാരുടെ വീടുകളിൽ നിന്ന് വൻതോതിൽ ആഭരണങ്ങൾ കണ്ടെത്തിയതായി പ്രാഥമിക റിപ്പോർട്ടിൽ സൂചനയുണ്ട്.
Ayodhya Ram Temple Scam: VHP Leader Champat Rai Likely to Be Booked as PM Seeks Report










