യുക്രൈനിൽ ഇന്ത്യൻ സൈന്യത്തെ വിന്യസിക്കാൻ വാൻസിന്റെ നിർദേശം; ഇന്ത്യക്കാർ അതിന് തയ്യാറാകില്ലെന്ന് ട്രംപ് പറഞ്ഞുവെന്ന് വെളിപ്പെടുത്തൽ

വാഷിങ്ടൺ: യുക്രൈൻ-റഷ്യ യുദ്ധത്തിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിനായി യുക്രൈനിൽ സമാധാനസേനയുടെ ഭാഗമായി ഇന്ത്യൻ സൈനികരെ വിന്യസിക്കാമെന്ന നിർദേശം അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നോട്ടുവച്ചിരുന്നുവെന്നും, അതിന് “ഇന്ത്യക്കാർ അത് ചെയ്യില്ല” എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നുവെന്നും പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തൽ.

ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകരായ മാഗി ഹാബർമാനും ജോനാഥൻ സ്വാനും ചേർന്ന് രചിച്ച ‘Regime Change: Inside the Imperial Presidency of Donald Trump’ എന്ന പുസ്തകത്തിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ ആദ്യ 14 മാസങ്ങളിലെ നിർണായക സംഭവങ്ങളാണ് പുസ്തകം വിവരിക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണത്തിന് വെറും പത്ത് ദിവസങ്ങൾക്ക് ശേഷം, 2025 ജനുവരി 30-ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന ഉന്നതതല യോഗത്തിനിടെയായിരുന്നു ഈ ചർച്ച.

യുക്രൈൻ-റഷ്യ വിഷയങ്ങളിലെ പ്രത്യേക ദൂതനായിരുന്ന വിരമിച്ച ലെഫ്റ്റനന്റ് ജനറൽ കീത്ത് കെല്ലോഗ് അവതരിപ്പിച്ച സമാധാന പദ്ധതിയെക്കുറിച്ചുള്ള ചർച്ചയിലാണ് ഇന്ത്യയുടെ പേര് ഉയർന്നത്. യുക്രൈനിൽ വെടിനിർത്തൽ നിരീക്ഷിക്കാൻ ഫ്രാൻസ്, ബ്രിട്ടൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ സൈന്യത്തെ വിന്യസിക്കണമെന്ന നിർദേശത്തോട് പ്രതികരിച്ച ജെ.ഡി. വാൻസ്, നാറ്റോ രാജ്യങ്ങളുടെ സേനയെ ഉപയോഗിക്കുന്നത് റഷ്യയെ പ്രകോപിപ്പിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചു. തുടർന്ന്, യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളുടെ സൈനികരെ ഉപയോഗിക്കാമോയെന്ന് അദ്ദേഹം ചോദിച്ചു.

ഇതിനിടെ സൗദി അറേബ്യയുടെയോ ഇന്ത്യയുടെയോ സേനയെ പരിഗണിക്കാമെന്ന് വാൻസ് നിർദേശിച്ചതായാണ് പുസ്തകത്തിലെ പരാമർശം. ഇത് കേട്ട് ട്രംപ് ചിരിച്ചുകൊണ്ട്, “ഇന്ത്യക്കാർ അത് ചെയ്യില്ല. അത്തരമൊരു കാര്യത്തിനായി അവർ പണം ചെലവഴിക്കില്ല,” എന്ന് പറഞ്ഞതായി പുസ്തകം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും, എന്നാൽ ഇന്ത്യ ഇത്തരം അന്താരാഷ്ട്ര ദൗത്യങ്ങൾക്കായി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടതായും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇതേ പുസ്തകത്തിൽ ഇന്ത്യയെക്കുറിച്ചുള്ള ട്രംപിന്റെ മറ്റൊരു പരാമർശവും ഉൾപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 175 ശതമാനം വരെ തീരുവ ചുമത്തുന്നുവെന്ന് ട്രംപ് ഒരു യോഗത്തിൽ അവകാശപ്പെട്ടതായും പുസ്തകം പറയുന്നു. ജൂൺ 23-ന് പുറത്തിറങ്ങിയ പുസ്തകം ട്രംപിന്റെ രണ്ടാം ഭരണകാലത്തെ നയപരമായ തീരുമാനങ്ങളും ആഗോള വിഷയങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും വിശദമായി പ്രതിപാദിക്കുന്നതാണ്.

Vance proposed Indian troops deployment in Ukraine, Trump said ‘Indians won’t do that’, new book claims

More Stories from this section

family-dental
witywide