
വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് വിദേശികൾക്ക് കനത്ത തിരിച്ചടിയായി യു.എസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ പുതിയ പരിഷ്കാരം. പൗരത്വത്തിനായുള്ള നാച്ചുറലൈസേഷൻ അപേക്ഷാ ഫീസ് കുത്തനെ കൂട്ടാനാണ് യു.എസ് ഭരണകൂടം ആലോചിക്കുന്നത്. പുതിയ പ്രമേയം നടപ്പിലാകുന്നതോടെ പൗരത്വ അപേക്ഷാ ചെലവുകൾ 80 ശതമാനം വരെ വർദ്ധിക്കും. ഇത് നിലവിൽ യു.എസിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെയടക്കം സാരമായി ബാധിക്കും.
അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാൻ ഗ്രീൻ കാർഡ് ഉടമകൾ സമർപ്പിക്കേണ്ട പ്രധാന അപേക്ഷയാണ് ‘ഫോം എൻ-400’. ഈ ഫോമിൻ്റെ ഫീസിലാണ് വൻ വർദ്ധനവ് നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷകൾക്കായുള്ള നിലവിലുള്ള ഫീസായ 710 ഡോളറിൽ നിന്ന് 80 ശതമാനത്തോളം വർദ്ധിപ്പിച്ച് 1,280 ഡോളറാക്കി മാറ്റും. ഇതര അപേക്ഷകൾക്കുള്ള നിലവിലെ ഫീസായ 760 ഡോളറിൽ നിന്ന് 75 ശതമാനം വർദ്ധിപ്പിച്ച് 1,330 ഡോളറാക്കി ഉയർത്തും.
കൂടാതെ, ഇതുവരെ കുറഞ്ഞ വരുമാനമുള്ള അപേക്ഷകർ, വിദ്യാർത്ഥികൾ, വിരമിച്ച പ്രായമായവർ എന്നിവർക്ക് യു.എസ് സർക്കാർ നൽകിയിരുന്ന ഫീസ് ഇളവുകളും , കുറഞ്ഞ നിരക്കിലുള്ള അപേക്ഷാ ആനുകൂല്യങ്ങളും പൂർണ്ണമായി ഒഴിവാക്കാൻ പുതിയ നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വലിയൊരു പ്രതിസന്ധിയാകും.
പൗരത്വത്തിനായുള്ള അപേക്ഷ ഏതെങ്കിലും കാരണത്താൽ നിരസിക്കപ്പെട്ടാൽ, അതിനെതിരെ അപ്പീൽ നൽകാൻ ഉപയോഗിക്കുന്ന ‘ഫോം എൻ-336’-ൻ്റെ നിരക്കും കുത്തനെ കൂട്ടിയിട്ടുണ്ട്. പേപ്പർ വഴിയുള്ള അപ്പീൽ ഫീസ് 830 ഡോളറിൽ നിന്ന് 1,475 ഡോളറായി ആയി ഉയരും. ഓൺലൈൻ വഴിയുള്ള അപ്പീൽ ഫീസ് 780-ഡോളറിൽ നിന്ന് നിന്ന് 1,425 ഡോളറായും വർദ്ധിക്കും.
പൗരത്വം നേടാനുള്ള അടിസ്ഥാന യോഗ്യതകൾ എന്തെല്ലാം?
അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാൻ കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം. സ്ഥിരതാമസത്തിനുള്ള അനുമതിയുള്ള ഗ്രീൻ കാർഡ് ഉടമയായിരിക്കണം. തുടർച്ചയായി 5 വർഷമെങ്കിലും യു.എസിൽ താമസിച്ചവരായിരിക്കണം. ഇതിൽ കുറഞ്ഞത് 30 മാസങ്ങളെങ്കിലും യു.എസിനുള്ളിൽ നേരിട്ട് ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന സ്റ്റേറ്റിലോ അല്ലെങ്കിൽ യു.എസ്.സി.ഐ.എസ് ഡിസ്ട്രിക്ടിലോ കുറഞ്ഞത് 3 മാസമെങ്കിലും താമസിച്ചിരിക്കണം.
നല്ല സ്വഭാവഗുണം ഉള്ളവരായിരിക്കണം, കൂടാതെ യു.എസ് ഭരണഘടനയോട് വിശ്വസ്തത പുലർത്തുന്നവരുമാകണം. അടിസ്ഥാന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും, യു.എസ് ചരിത്രം, ഗവൺമെൻ്റ് എന്നിവയെക്കുറിച്ചുള്ള സിവിക്സ് പരീക്ഷയും വിജയിക്കണം.
ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ്
അമേരിക്കൻ പൗരത്വം നേടുന്ന വിദേശികളിൽ മെക്സിക്കോ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. 2024 സാമ്പത്തിക വർഷത്തിൽ 49,700 ഇന്ത്യക്കാർ യു.എസ് പൗരത്വം നേടിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യു.എസ് പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.2022 സാമ്പത്തിക വർഷത്തിൽ 65,960 ഇന്ത്യക്കാർ പൗരത്വം നേടിയിരുന്നു. 2023-ൽ ഇത് 59,050 ആയി കുറഞ്ഞു. 2024-ൽ വീണ്ടും ഇടിഞ്ഞ് 49,700 ആയി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിൽ 25% കുറവാണ് ഉണ്ടായിരിക്കുന്നത്. പുതിയ ഫീസ് വർദ്ധനവ് കൂടി വരുന്നതോടെ ഈ എണ്ണം ഇനിയും ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
നിയമം എപ്പോൾ പ്രാബല്യത്തിൽ വരും?
അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കുന്നതിനും ഇമിഗ്രേഷൻ സേവനങ്ങൾ കൃത്യമായി നടത്തുന്നതിനും യു.എസ് ഭരണകൂടത്തിന് ഉണ്ടാകുന്ന യഥാർത്ഥ പ്രവർത്തനച്ചെലവുകൾ നിലവിലെ ഫീസിലൂടെ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൻ്റെ വിശദീകരണം.
ഫീസ് വർധന സംബന്ധിച്ച നിർദ്ദേശങ്ങൾ ഇപ്പോൾ പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല. പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനായി 60 ദിവസത്തെ സമയം യു.എസ് സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഫെഡറൽ ഡോക്കറ്റ് മാനേജ്മെൻ്റ് സിസ്റ്റം വഴി നിശ്ചിത ദിവസത്തെ അർദ്ധരാത്രി വരെ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ഇവയെല്ലാം വിശദമായി പരിശോധിച്ച ശേഷമായിരിക്കും യു.എസ് സർക്കാർ അന്തിമ നിയമം പ്രാബല്യത്തിൽ വരുത്തുക.
US citizenship will cost more; US to increase fees by up to 80%, abolishes exemptions












