അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി അശോക് ഐ എ എസിന് സസ്പെൻഷൻ. സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്നാണ് നടപടി. സർക്കാരിന്റെ വികസന വാദങ്ങളുടെ മുനയൊടിച്ചതാണ് പ്രകോപനം. സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ് ബി അശോക്. യുവജന വകുപ്പിന്റെ ചുമതലയുണ്ട്. അതേസമയം, കാവൽ മന്ത്രിസഭയുടെ നടപടിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്.
ബി അശോക് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തുടർഭരണം ഫാസിസ്റ്റ് പ്രവണതയാണെന്ന് മാധ്യമങ്ങൾ വഴി പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നയങ്ങളെ വിമർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കേരള ശബ്ദം ലേഖനത്തിലായിരുന്നു ബി.അശോകിന്റെ വിമർശനം. സൈബർ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങൾ അടയ്ക്കുക എന്ന തലക്കെട്ടോടുകൂടിയാണ് ലേഖനം ആരംഭിച്ചിരുന്നത്.
ലേഖനത്തിൽ ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമുണ്ട്. സുതാര്യമായ ജനാധിപത്യത്തിന് വോട്ടർമാർ ജാഗ്രത കാണിക്കണമെന്നും ലേഖനത്തിൽ അശോക് പറഞ്ഞിരുന്നു. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും ലേഖനത്തിൻറെ അവസാനത്തിൽ അശോക് പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ബി അശോകിനെതിരെ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
B Ashok IAS suspended for speaking to the media without permission









