അനധികൃത മദ്യശേഖരം: ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, ഇന്ന് തന്നെ ജയിൽ മോചിതനായേക്കും

കൊച്ചി: അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. നിലവിൽ മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിൻ, കോടതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാകുന്ന മുറയ്ക്ക് ഇന്ന് തന്നെ ജയിൽ മോചിതനാകുമെന്നാണ് സൂചന.

വായ്പ കുടിശ്ശികയെ തുടർന്ന് ‘സർഫാസി’ നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിറ്റ വീടാണ് ഇതെന്നും, നിലവിൽ ഈ കെട്ടിടവുമായി തനിക്ക് യാതൊരു ഉടമസ്ഥാവകാശ ബന്ധവുമില്ലെന്നും ആന്റോ അഗസ്റ്റിൻ കോടതിയിൽ വാദിച്ചു. അതിനാൽ അവിടെ നിന്ന് മദ്യം കണ്ടെടുത്തതിന് താൻ ഉത്തരവാദിയല്ലെന്നായിരുന്നു വാദം. എന്നാൽ, രേഖകൾ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആന്റോയുടെ പേരിൽ തന്നെയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കെട്ടിടത്തിലെ വൈദ്യുതി, ജല ബില്ലുകൾ ഇപ്പോഴും വരുന്നത് ആന്റോയുടെ പേരിലാണെന്നും, പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെയും കൈവശാവകാശത്തെയും കുറിച്ച് തർക്കങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ചു. എന്നാൽ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് പൂർത്തിയായ സാഹചര്യത്തിൽ, ഇനി ജയിലിൽ തുടരേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കർശന നിർദേശത്തോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.

Bail Granted to Anto Augustine in Illegal Liquor Stockpile Case

More Stories from this section

family-dental
witywide