പൈലറ്റായത് ഭീകരാക്രമണം നടത്താൻ, പ്രേരണയായത് 9/11 ഭീകരാക്രമണം, ഫ്ലൈദുബായ് വിമാന റാഞ്ചൽ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

ദുബായ്: കഴിഞ്ഞയാഴ്ച ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സഹപൈലറ്റായ ഹമാം അൽ ഹമാമി (29) വിമാനം നിയന്ത്രണത്തിലാക്കി ടെൽ അവീവിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെൻ ഗുരിയനിലെ പാസഞ്ചർ ടെർമിനലിലേക്ക് ഇടിച്ചിറക്കാൻ പദ്ധതിയിട്ടിരുന്നതായി യുഎഇ പ്രിലിമിനറി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്കയിൽ നടന്ന 9/11 ഭീകരാക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ പൈലറ്റ് കരിയർ തന്നെ തിരഞ്ഞെടുത്തതെന്നും യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു.

പരമാവധി ആളപായം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ഈ ആത്മഹത്യാാക്രമണത്തിന് മുതിർന്നത്. ഈ ആക്രമണത്തിന്റെ മുന്നൊരുക്കമായി ഇയാൾ നേരത്തെയും രണ്ട് തവണ ഇതേ റൂട്ടിൽ സർവീസ് നടത്തി വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ വിമാനത്തിലെ ക്യാപ്റ്റന്റെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ പ്രതിയെ കീഴ്പ്പെടുത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

2017-ൽ ഓസ്‌ട്രേലിയയിൽ പഠിക്കുന്ന കാലത്താണ് അൽ ഹമാമി തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത്. ഇന്റർനെറ്റ് വഴിയും മറ്റും ഭീകര സംഘടനകളുടെ ഉള്ളടക്കങ്ങൾ സ്ഥിരമായി വായിച്ചിരുന്ന ഇയാൾ കായികമായും മാനസികമായും ഈ ആക്രമണത്തിനായി തയ്യാറെടുത്തിരുന്നു.

നേരത്തെ ഒമാൻ എയർലൈൻസിൽ ജോലി ചെയ്തിരുന്ന ഇയാളെ തീവ്രവാദ നിലപാടുകളെത്തുടർന്ന് ഫ്ലൈറ്റ് ട്രെയിനിംഗിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് 2026 ജനുവരിയിലാണ് ഇയാൾ ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിക്കുന്നത്. കൃത്യമായ യോഗ്യതാ രേഖകളും ക്യാരക്ടർ സർട്ടിഫിക്കറ്റും ഹാജരാക്കിയതിനാലാണ് ഇയാൾക്ക് ജോലി ലഭിച്ചതെന്നും നിയമന സമയത്ത് ഇയാളുടെ തീവ്രവാദ പശ്ചാത്തലത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. താൻ ഒറ്റയ്ക്കാണ് ഈ കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പ്രതിയുടെ മൊഴിയെങ്കിലും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് യുഎഇ സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Became a pilot to carry out a terror attack, inspired by the 9/11 attacks: Crucial details emerge in the Flydubai plane hijacking case.

Also Read

More Stories from this section

family-dental
witywide