ടെൽ അവീവ്: ഇസ്രയേലിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ-ഹമ്മാമി ‘ഗാസയ്ക്കുള്ള പ്രതികാരം’ ചെയ്യാനാണ് ശ്രമിച്ചതെന്നും ‘രക്തസാക്ഷിയായി മരിക്കാനാണ് ആഗ്രഹിച്ചതെന്നും’ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. 29കാരനായ ഹമാം അൽ-ഹമ്മാമി ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ, ചാനൽ 12നെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
അടുത്തിടെ ഇസ്രയേലുമായി ശത്രുതയിലുള്ള ചില രാജ്യങ്ങൾ ഹമാം സന്ദർശിച്ചിരുന്നുവെന്നും ഇസ്രയേൽ ചാരസംഘടനയായ മൊസാദ് പരിശോധിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ സന്ദർശനങ്ങൾക്കിടെ ഏതെങ്കിലും വ്യക്തിയോ സംഘടനയോ ഹമാമിനെ സ്വാധീനിക്കുകയോ റിക്രൂട്ട് ചെയ്യുകയോ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിലെ ഉദ്യോഗസ്ഥരും ഹമാമിനെ ചോദ്യം ചെയ്യുന്നതിൽ പങ്കാളികളാണ്. ഇതിനായി അവർ യുഎഇയിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ഹമാം നടത്തിയിരുന്ന പഠനവും അന്വേഷണപരിധിയിലായി. മെൽബണിലെ ആർഎംഐടി സർവകലാശാലയിൽ എൻജിനീയറിങ് പഠിച്ചിരുന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയിരുന്നില്ലെന്ന് സർവകലാശാല അറിയിച്ചു. ഓസ്ട്രേലിയയിൽ കഴിഞ്ഞ കാലയളവിൽ ഹമാം തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ താമസിക്കുന്നതിനിടെ തീവ്ര ആശയങ്ങളുമായി ബന്ധമുള്ള പള്ളികളും വെബ്സൈറ്റുകളും ഹമാം സന്ദർശിച്ചിരുന്നോയെന്നും അന്വേഷിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
വിമാന പരിശീലനത്തിന്റെ ഭാഗമായി 2018 നവംബർ മുതൽ 2019 മേയ് വരെ ആറ് മാസം ഹമാം ന്യൂസീലൻഡിലുണ്ടായിരുന്നുവെന്ന് അവിടത്തെ പൊലീസ് അറിയിച്ചു. യുകെ ആസ്ഥാനമായിരുന്ന, ഇപ്പോൾ ന്യൂസീലൻഡിൽ പ്രവർത്തിക്കാത്ത ഒരു കമ്പനിയുടെ പരിശീലന പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം രാജ്യത്തെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഹമാം ന്യൂസീലൻഡിൽ ചെലവഴിച്ച കാലയളവിലെ രേഖകൾ പരിശോധിക്കുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്യുകയാണെന്ന് ന്യൂസീലൻഡ് പൊലീസ് അറിയിച്ചു.
‘Revenge for Gaza’: Omani co-pilot on flydubai flight told investigators he wanted to ‘die as martyr’










