ഗ്യാനേഷ് കുമാറിൻ്റെ രാജി; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടത്താനിരുന്ന സിജെപി പ്രതിഷേധത്തിന് മുന്നോടിയായി പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ ഡൽഹി, ഗുരുഗ്രാം പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിൽ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് രഹസ്യാന്വേഷണ ഏജൻസികളിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള സെൻട്രൽ പാർക്ക് വിഹാറിലെ ഫ്ലാറ്റിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു ധ്രുവ് റാഠി. പൊലീസ് സംഘം എത്തിയതിനു പിന്നാലെ അദ്ദേഹത്തെ ഗുരുഗ്രാമിലെ വെളിപ്പെടുത്താത്ത സ്ഥലത്തേക്ക് കൊണ്ടുപോയതായാണ് വിവരം. രാവിലെ 7.48ഓടെ ധ്രുവ് റാഠിയുടെ അമ്മ വാതിൽ തുറന്നതിനു പിന്നാലെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ചതായാണ് ലഭ്യമായ വിവരം. വെള്ളിയാഴ്ച രാത്രി വൈകി ഫ്ലാറ്റിനു പുറത്ത് 50ഓളം പൊലീസുകാർ എത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ധ്രുവ് റാഠി ഡൽഹിയിലെത്തിയതെന്നാണ് വിവരം. പ്രതിഷേധം കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഞ്ചാരത്തിനും ഗതാഗതത്തിനും പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെയും ഗതാഗത നിയന്ത്രണങ്ങളെയും ചോദ്യം ചെയ്ത് വെള്ളിയാഴ്ച (ഒക്ടോബർ 9) ധ്രുവ് റാഠി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു.

വീഡിയോയിൽ, മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള നീക്കം, ട്രെയിനുകൾ റദ്ദാക്കൽ, മധ്യ ഡൽഹിയിലെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കൽ തുടങ്ങിയ നടപടികളെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ദേശീയ തലസ്ഥാനത്തുടനീളം പൊലീസ് നടത്തുന്ന വിപുലമായ നടപടികൾക്കിടെയാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായുള്ള റിപ്പോർട്ട് പുറത്തുവന്നത്.

അതേസമയം, സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പൊലീസും നഗരത്തെ പൂർണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

Gyanesh Kumar’s Resignation; Police detain prominent YouTuber and influencer Dhruv Rathee ahead of the CJP protest.

More Stories from this section

family-dental
witywide