എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി തുടരും; തീരുമാനത്തെ എതിർത്ത് നോയൽ ടാറ്റ, ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം; ‘വീറ്റോ പവർ പരിഗണിച്ചില്ല’

ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി വീണ്ടും നിയമിക്കാൻ ബോർഡ് യോഗത്തിൽ തീരുമാനം. ഇന്ന് മുംബൈയിൽ ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് നിർണ്ണായക നീക്കമുണ്ടായത്. പദവിയിൽ തുടരുന്നില്ലെന്ന മുൻ തീരുമാനം ചന്ദ്രശേഖരൻ പിൻവലിച്ചതോടെയാണ് കാലാവധി നീട്ടിനൽകാൻ തീരുമാനമായത്. 2017 മുതൽ ടാറ്റാ സൺസ് ചെയർമാനായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നിലവിലെ കാലാവധി 2027 ഫെബ്രുവരിയിലാണ് അവസാനിക്കേണ്ടിയിരുന്നത്.

ചന്ദ്രശേഖരന് വീണ്ടും കാലാവധി നീട്ടിനൽകാൻ മുൻപ് ടാറ്റാ ട്രസ്റ്റ് ഐകകണ്ഠേന ശുപാർശ ചെയ്തിരുന്നുവെങ്കിലും ഡയറക്ടർ ബോർഡിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സ്ഥാനമൊഴിയാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പുതിയ ചെയർമാനെ കണ്ടെത്താൻ സമിതിയെ നിയോഗിക്കണമെന്ന് ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യാഴാഴ്ച ചേർന്ന യോഗം ചന്ദ്രശേഖരന്റെ കാലാവധി നീട്ടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിൽ തർക്കം വീണ്ടും രൂക്ഷമായി.

4-1 എന്ന ഭൂരിപക്ഷത്തിലാണ് എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടാൻ ബോർഡ് വോട്ട് ചെയ്തതെങ്കിലും വോട്ടെടുപ്പ് പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് ആരോപിച്ച് നോയൽ ടാറ്റ രംഗത്തെത്തി. യോഗത്തിൽ താൻ തീരുമാനത്തെ ശക്തമായി എതിർത്തുവെന്നും വീറ്റോ അധികാരം തെറ്റായ രീതിയിലാണ് മറികടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാറ്റാ സൺസ് നിയമാവലി പ്രകാരം ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ അംഗീകാരം ആവശ്യമാണെന്നിരിക്കെ പ്രത്യേക നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് വോട്ടെടുപ്പുമായി മുന്നോട്ടുപോയത്.

വരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ (എ.ജി.എം.) എൻ. ചന്ദ്രശേഖരനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ടാറ്റാ ട്രസ്റ്റ് നീക്കം നടത്തിയേക്കും. ഡയറക്ടർ പദവി നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് ചെയർമാൻ സ്ഥാനത്ത് തുടരാനാവില്ല. 2027 ഫെബ്രുവരിയിൽ താൻ സ്ഥാനമൊഴിയുമെന്ന് ഓഗസ്റ്റിൽ ചന്ദ്രശേഖരൻ വ്യക്തമാക്കിയതിനെ തുടർന്ന് സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്താനുള്ള സെലക്ഷൻ കമ്മിറ്റി നടപടികൾ ആരംഭിച്ചതിനിടെയാണ് ബോർഡ് യോഗത്തിലെ പുതിയ സംഭവവികാസങ്ങൾ.

N Chandrasekaran Gets Extension as Tata Sons Chairman; Noel Tata Opposes Board Decision Alleging Violation of Veto Power

More Stories from this section

family-dental
witywide