
വാഷിംഗ്ടൺ: അന്തരിച്ച പ്രമുഖ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ തൻ്റെ സ്വകാര്യ ജീവിതം വച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. യു.എസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ നൽകിയ രഹസ്യ മൊഴിയിലാണ് തനിക്ക് മൂന്ന് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും, ഇത് എപ്സ്റ്റീൻ മുതലെടുക്കാൻ ശ്രമിച്ചതായും ഗേറ്റ്സ് സമ്മതിച്ചത്. ചൊവ്വാഴ്ചയാണ് ഈ കമ്മിറ്റി റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പാനൽ ജൂൺ 10-ന് ബിൽ ഗേറ്റ്സിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിച്ച ഗേറ്റ്സ്, റഷ്യൻ സ്വദേശികളായ മില അൻ്റോനോവ (ബ്രിഡ്ജ് താരം), കരീമ നിഗ്മതുലിന (ന്യൂക്ലിയർ ഫിസിസിസ്റ്റ്) എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് എപ്സ്റ്റീന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി.
ഇതിനുപുറമെ, മെഡിക്കൽ സംരംഭകയായ ആലീസ് ജേക്കബ്സ് നെസെൽറോഡുമായുള്ള മൂന്നാമതൊരു ബന്ധവും അദ്ദേഹം പാനലിന് മുന്നിൽ സ്ഥിരീകരിച്ചു. “ഈ അവിഹിത ബന്ധങ്ങൾക്ക് എപ്സ്റ്റീനുമായുള്ള എൻ്റെ ഇടപാടുകളുമായി യാതൊരു ബന്ധവുമില്ല, പക്ഷേ ഇത് എൻ്റെ കുടുംബത്തിന് വലിയ വേദനയുണ്ടാക്കി,” ഗേറ്റ്സ് മൊഴിയിൽ പറഞ്ഞു. തന്നിൽ വീണ്ടും സ്വാധീനം ചെലുത്താനും സമ്മർദ്ദത്തിലാക്കാനും എപ്സ്റ്റീൻ ഈ വിവരങ്ങൾ ഉപയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എപ്സ്റ്റീൻ നേരിട്ട് പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ലെങ്കിലും, അതിനായി പദ്ധതിയിട്ടിരുന്നതായി ഗേറ്റ്സ് സൂചിപ്പിച്ചു. 2013-ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഒരു ഇമെയിൽ ഡ്രാഫ്റ്റിൽ ഗേറ്റ്സിൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കാൻ നുണകളും സത്യങ്ങളും കൂട്ടിക്കലർത്തി എപ്സ്റ്റീൻ നടത്തിയ ഒരു ബ്ലാക്ക്‌മെയിലിംഗ് ശ്രമമായിരുന്നു അതെന്ന് ഗേറ്റ്സ് വിലയിരുത്തി. എപ്സ്റ്റീനുമായുള്ള ബന്ധം തൻ്റെ ജീവിതത്തിലെ വലിയൊരു തെറ്റായിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.
അവിഹിത ബന്ധങ്ങൾക്ക് ശേഷം ബിൽ ഗേറ്റ്സിന് ലൈംഗിക രോഗം ബാധിച്ചുവെന്ന തരത്തിൽ എപ്സ്റ്റീൻ്റെ രേഖകളിൽ ഉണ്ടായിരുന്ന ആരോപണങ്ങൾ ഗേറ്റ്സ് പൂർണ്ണമായി നിഷേധിച്ചു. തനിക്ക് ഒരിക്കലും അത്തരം രോഗങ്ങൾ ഉണ്ടായിട്ടില്ലെന്നും, ആർക്കും രഹസ്യമായി മരുന്നുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ൽ ജയിലിൽ വച്ചാണ് എപ്സ്റ്റീൻ മരണപ്പെടുന്നത്.
Bill Gates reveals three extramarital affairs; Epstein tried to blackmail him














