റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകളുടെ അടുത്ത ഘട്ടത്തിനായി അമേരിക്ക തയ്യാറെടുക്കുകയാണെന്നും യൂറോപ്യൻ രാജ്യങ്ങളെ കൂടി നേരിട്ട് പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി ജാരെഡ് കുഷ്നർ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കുശേഷം പുതിയ നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനൊപ്പം റഷ്യൻ, യുക്രെയ്ൻ, യൂറോപ്യൻ പ്രതിനിധികളുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് എക്സിലെ കുറിപ്പിൽ കുഷ്നർ വ്യക്തമാക്കി. മോസ്കോയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയും അടുത്ത ഘട്ട ചർച്ചകളുടെ അജൻഡ തീരുമാനിക്കുകയുമാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ചർച്ചകളിൽ ചില നിർദേശങ്ങൾ നിർണായക പുരോഗതിക്ക് വഴിയൊരുക്കിയേക്കാമെന്നും മറ്റുചിലത് പുതിയ നിർദേശങ്ങളായി വികസിച്ചേക്കാമെന്നും കുഷ്നർ പറഞ്ഞു.
എന്നാൽ നിർദേശങ്ങളുടെ വിശദാംശങ്ങളോ റഷ്യയും യുക്രെയ്നും അവ അംഗീകരിച്ചിട്ടുണ്ടോയെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. യുക്രെയ്നിന് വിശ്വസനീയമായ സുരക്ഷാ ഉറപ്പുകൾ നൽകുകയും ഭാവിയിൽ മറ്റൊരു സംഘർഷം ഒഴിവാക്കാനുള്ള വിശദമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താലേ സ്ഥിരമായ സമാധാന കരാർ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ സുരക്ഷയിൽ നാറ്റോയ്ക്ക് പ്രധാന പങ്കുണ്ടെന്നും സൈനിക ആശയവിനിമയം ശക്തിപ്പെടുത്തുകയും സംഘർഷസാധ്യത കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്നും കുഷ്നർ കൂട്ടിച്ചേർത്തു.
റഷ്യയും യുക്രെയ്നും പരസ്യമായി കടുത്ത നിലപാടുകളും പരമാവധി ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ടെങ്കിലും സ്വകാര്യ ചർച്ചകളിൽ പ്രായോഗിക വിട്ടുവീഴ്ചകൾ അനിവാര്യമാണെന്ന് ഇരുപക്ഷവും തിരിച്ചറിയുന്നുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഎസ് പ്രതിനിധികളുമായുള്ള ചർച്ചയിൽ ഡോൺബാസ് മേഖലയിൽനിന്ന് യുക്രെയ്ൻ പിന്മാറിയാൽ നാറ്റോ അംഗത്വം നൽകുന്ന കാര്യം പരിഗണിക്കാമോയെന്ന് വാഷിങ്ടൺ ആദ്യമായി ചോദിച്ചതായി സെലെൻസ്കി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ രാജ്യത്തിന്റെ ഭൂപ്രദേശം വിട്ടുനൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും സുരക്ഷാ ഉറപ്പുകൾ, ശക്തമായ യുക്രെയ്ൻ സൈന്യം, സാമ്പത്തിക സഹായത്തോടെയുള്ള പുനർനിർമാണ പദ്ധതി എന്നിവ ഉൾപ്പെടുന്ന വിപുലമായ സുരക്ഷാ പാക്കേജിനായി പങ്കാളികളുമായി ചർച്ച നടത്തുകയാണെന്നും സെലെൻസ്കി പറഞ്ഞു. സമാധാന ചർച്ചകൾ തുടരുകയാണെങ്കിലും അന്തിമ കരാറിലെത്തിയിട്ടില്ല.
Jared Kushner says US preparing next round of Russia-Ukraine peace talks with European partners directly involved










