
ബ്രസീലിയ: പരുക്ക് കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സൂപ്പർ താരം നെയ്മറെ പരിഹസിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. നെയ്മർ ലോകത്തിലെ ആദ്യത്തെ വർക്ക് ഫ്രം ഹോം ഫുട്ബോൾ കളിക്കാരനാണെന്നാണ് പ്രസിഡൻ്റ് പരിഹസിച്ചത്.
ബെലോ ഹൊറിസോണ്ടെയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു ലുലയുടെ ഈ പരാമർശം. ചടങ്ങിൽ വെച്ച് ബ്രസീൽ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് പ്രസിഡൻ്റ് അവിടെയുണ്ടായിരുന്ന ഒരു കുട്ടിയോട് ചോദിച്ചിരുന്നു. കുട്ടി “നെയ്മർ” എന്ന് മറുപടി നൽകിയപ്പോഴാണ് പ്രസിഡൻ്റിൻ്റെ പരിഹാസം വന്നത്. നെയ്മർ ഇപ്പോൾ കളിക്കുന്നതേയില്ലെന്നും, ഇൻ്റർനെറ്റിൽ കണ്ട ഒരു തമാശയാണിതെന്നും ലുല കൂട്ടിച്ചേർത്തു. ഇങ്ങനെ പോയാൽ ഭാവിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് 11 പെലെമാരെ ഉൾപ്പെടുത്തി പുതിയ ടീം ഉണ്ടാക്കേണ്ടി വരുമെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.
കാൽവണ്ണയ്ക്കേറ്റ പരുക്ക് കാരണം നിലവിൽ ബ്രസീൽ ടീമിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്. മുൻ ബ്രസീൽ പ്രസിഡൻ്റും ലുല ഡ സിൽവയുടെ രാഷ്ട്രീയ എതിരാളിയുമായ ജെയർ ബോൾസനാരോയെ പരസ്യമായി പിന്തുണച്ചിരുന്ന വ്യക്തിയാണ് നെയ്മർ എന്നത് കൊണ്ട് തന്നെ പ്രസിഡൻ്റിൻ്റെ ഈ ട്രോൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.
Brazil President trolls Neymar; ‘The world’s first work-from-home footballer’













