വൈപ്പിനിലെ ഷിപ്പ് യാർഡിൽ വിദേശ കപ്പലിന് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു, ആളപായമില്ല

വൈപ്പിൻ: കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിന് (ബാർജ്) വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കാളമുക്കിൽ പ്രവർത്തിക്കുന്ന ‘സീ ബ്ലൂ’ ഷിപ്പ് യാർഡിൽ അപകടമുണ്ടായത്. കപ്പലിൻ്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയർന്നതിനെ തുടർന്ന് യാർഡ് ജീവനക്കാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. അപകടസമയത്ത് കപ്പലിൽ ആളില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

വൈപ്പിൻ, പറവൂർ, ഫോർട്ട് കൊച്ചി, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. കപ്പലിനുള്ളിൽ ഉണ്ടായിരുന്ന പെയിൻ്റ്, ഓയിൽ എന്നിവ കത്തിയതിനെ തുടർന്ന് ഉയർന്ന കനത്ത പുക രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിച്ചു. കപ്പലിൽ ഇന്ധനം ഉണ്ടായിരുന്നതിനാൽ സമീപത്തെ ബോട്ടുകളിലേക്ക് തീ പടരാതിരിക്കാൻ കപ്പലിന് പുറത്തുനിന്ന് വെള്ളമടിച്ച് തണുപ്പിക്കുന്ന നടപടികളാണ് ആദ്യം സ്വീകരിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തിയ ബാർജായതിനാൽ കപ്പലിൽ ഇന്ധനം ശേഷിച്ചിരിക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു.

അതേസമയം, ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ഷിപ്പ് യാർഡിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സ്റ്റോപ്പ് മെമോ നിലനിൽക്കെയാണ് യാർഡ് പ്രവർത്തിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന യാർഡിൽ നിന്നുള്ള ശബ്ദ-വായു മലിനീകരണം നേരത്തെ തന്നെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസും ഫയർഫോഴ്സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Foreign ship catches fire at Vypin shipyard; efforts to extinguish the fire are progressing, no casualties reported

More Stories from this section

family-dental
witywide