ഫിലിപ്പീൻസിലെ സ്കൂളിൽ വെടിവെപ്പ്; 3 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്

ടാക്‌ലോബൻ: തിങ്കളാഴ്ച മധ്യ ഫിലിപ്പീൻസിലെ ഒരു സ്കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ലെയ്റ്റെ പ്രവിശ്യയിലെ ടാക്‌ലോബൻ നഗരത്തിലുള്ള സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

സ്കൂൾ പരിസരത്ത് നടന്ന ആക്രമണത്തിൽ എട്ട് പേർക്കാണ് വെടിയേറ്റത്. ഇവരിൽ മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് 38 കാലിബർ റിവോൾവറും 9 എം.എം. പിസ്റ്റളും ഉപയോഗിച്ചതായി ടാക്‌ലോബൻ സിറ്റി പോലീസ് മേധാവി നോയിലിറ്റോ ഗെറ്റിഗൻ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഗ്രേഡ് 9 വിദ്യാർഥിയായ ഒരു പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതി പിന്നീട് കീഴടങ്ങിയതായും ഇരുവരും ഇപ്പോൾ കസ്റ്റഡിയിലാണെന്നും പോലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങളെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്തതിനാൽ ഇരകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സ്കൂളിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ അധിക പോലീസ് സേനയെ വിന്യസിച്ചതായും അധികൃതർ വ്യക്തമാക്കി.

അതേസമയം, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അന്വേഷണവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഫിലിപ്പീൻസിൽ സ്കൂൾ വെടിവെപ്പുകൾ അപൂർവമാണെങ്കിലും, 2022-ൽ ക്വീസൺ സിറ്റിയിലെ അറ്റീനിയോ ഡി മനില സർവകലാശാലയിൽ നടന്ന വെടിവെപ്പിൽ മുൻ ലാമിറ്റാൻ സിറ്റി മേയർ റോസ് ഫുറിഗായ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

School shooting in central Philippines leaves three dead, five injured

More Stories from this section

family-dental
witywide