ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ‘രാജതന്ത്രം’; 17 വർഷത്തിന് ശേഷം ബ്രിട്ടീഷ് ഭരണാധികാരി അമേരിക്കൻ മണ്ണിൽ, ചാൾസ് മൂന്നാമന് ഉജ്ജ്വല സ്വീകരണം

വാഷിംഗ്ടൺ ഡി.സി: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും രാജ്ഞി കാമിലയും നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തി. 2007-ൽ എലിസബത്ത് രാജ്ഞി നടത്തിയ സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് ഭരണാധികാരി അമേരിക്കയിൽ സന്ദർശനം നടത്തുന്നത്. മേരിലാൻഡിലെ ആൻഡ്രൂസ് സൈനിക വിമാനത്താവളത്തിൽ എത്തിയ രാജദമ്പതികളെ യുഎസ് ചീഫ് ഓഫ് പ്രോട്ടോക്കോൾ മോണിക്ക ക്രോളി, ബ്രിട്ടീഷ് അംബാസഡർ സർ ക്രിസ്റ്റ്യൻ ടർണർ എന്നിവർ ചേർന്ന് സ്വീകരിച്ചു. വൈറ്റ് ഹൗസിലെത്തിയ രാജാവിനെയും രാജ്ഞിയെയും പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചേർന്ന് സ്വീകരിച്ചു.

ശനിയാഴ്ച വാഷിംഗ്ടണിൽ പ്രസിഡൻ്റ് പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൻ്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷാ വലയത്തിലാണ് സന്ദർശനം നടക്കുന്നത്. ചൊവ്വാഴ്ച യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന രാജാവ്, വെടിവെപ്പ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തും. രാജ്യാന്തര വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും ഒന്നിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞായിരിക്കും അദ്ദേഹത്തിൻ്റെ വാക്കുകൾ എത്തുക.

സഹിഷ്ണുത, സ്വാതന്ത്ര്യം, സമത്വം എന്നീ മൂല്യങ്ങൾക്കായി നിലകൊള്ളണമെന്നും നാറ്റോയെയും യുക്രെയ്നെയും പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും. അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 50-ാം വാർഷിക വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം.

വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിന് ശേഷം, തേനീച്ച വളർത്തലിൽ താൽപ്പര്യമുള്ള രാജാവിനായി വൈറ്റ് ഹൗസ് മാതൃകയിൽ നിർമ്മിച്ച പ്രത്യേക തേനീച്ചക്കൂടും അവർ സന്ദർശിച്ചു. തുടർന്ന് ബ്രിട്ടീഷ് എംബസിയിൽ നടന്ന ഗാർഡൻ പാർട്ടിയിൽ വിവിധ മേഖലകളിലെ 600-ലധികം പ്രമുഖർ പങ്കെടുത്തു. സാൻഡ്‌വിച്ചുകളും സ്കോണുകളും അടങ്ങിയ പരമ്പരാഗതമായ ഗാർഡൻ പാർട്ടി വിരുന്നായിരുന്നു അവിടെ ഒരുക്കിയിരുന്നത്. എന്നാൽ വിരുന്നിലെ ബീഫ് സാൻഡ്‌വിച്ചുകൾക്ക് വലിയൊരു നയതന്ത്ര പ്രാധാന്യമുണ്ടായിരുന്നു. അടുത്തിടെ ഒപ്പുവെച്ച കരാർ പ്രകാരം ബ്രിട്ടനിൽ നിന്ന് തീരുവയില്ലാതെ ഇറക്കുമതി ചെയ്ത ആദ്യ ബാച്ച് ബീഫ് ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയത്.

മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റർ ടെഡ് ക്രൂസ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഗാർഹിക പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളായ സ്ത്രീകളുമായി രാജ്ഞി കാമില കുറച്ചുനേരം സംസാരിച്ചു.

“അവരെപ്പോലെയുള്ളവർ ഈ വിഷയത്തിൽ സംസാരിക്കുന്നത് വളരെ പ്രധാനമാണ്, ഇത് അവർക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഷയം കൂടിയാണ്,” ഗാർഹിക പീഡനത്തെ അതിജീവിച്ചവരെ സഹായിക്കുന്ന ‘ഹൗസ് ഓഫ് റൂത്ത്’ എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന സാന്ദ്ര ജാക്സൺ പറഞ്ഞു. താൻ ചെയ്യുന്ന കാര്യങ്ങൾ രാജ്ഞിയോട് വിശദീകരിച്ചതായും അവർ കൂട്ടിചേർത്തു.

അതേസമയം, ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീൻ്റെ ഇരകളെ രാജാവും രാജ്ഞിയും സന്ദർശിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ നിയമനടപടികളെ ബാധിച്ചേക്കാം എന്ന ആശങ്കയുള്ളതിനാൽ ആ കൂടിക്കാഴ്ച നടന്നില്ല.

1957-ൽ എലിസബത്ത് രാജ്ഞിക്ക് സമ്മാനമായി ലഭിച്ച, അമേരിക്കൻ-ബ്രിട്ടീഷ് പതാകകൾ ആലേഖനം ചെയ്ത ബ്രോച്ച് ധരിച്ചാണ് കാമില രാജ്ഞി എത്തിയത് എന്നത് ശ്രദ്ധേയമായി.

ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നൽകുന്ന ഔദ്യോഗിക സൈനിക സ്വീകരണത്തിന് ശേഷം, രാജാവ് യുഎസ് കോൺഗ്രസിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കും. 1991-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഇത്തരത്തിൽ പ്രസംഗിക്കുന്ന ആദ്യത്തെ ഭരണാധികാരിയാകും അദ്ദേഹം.

ഇറാൻ സംഘർഷത്തിൽ ഇടപെടാനുള്ള ബ്രിട്ടന്റെ വിമുഖതയിൽ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറെ പ്രസിഡന്റ് ട്രംപ് വിമർശിച്ചതിനെത്തുടർന്ന്, യുഎസും യുകെയും തമ്മിലുള്ള ബന്ധം അല്പം ഉലഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം.

തുടർന്ന് വൈറ്റ് ഹൗസിൽ നടക്കുന്ന സ്റ്റേറ്റ് ഡിന്നറിൽ പ്രസിഡൻ്റ് ട്രംപ് സംസാരിക്കും. ഇരുരാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഈ വിരുന്നിൽ പങ്കെടുക്കും.

British King Charles III and Queen Camilla arrive in the United States for a four-day official visit

More Stories from this section

family-dental
witywide