
സൗദി അറേബ്യക്കെതിരായ ഹൂത്തികളുടെ തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബ്രിട്ടീഷ് പോർവിമാനങ്ങൾ വിന്യസിക്കാൻ തീരുമാനം. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സൗദിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യു.കെയുടെ ഈ നിർണായക നീക്കം. ഇതിനിടയിലും സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയെങ്കിലും അവ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. ഈ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നതിനായി സൗദി അറേബ്യ മറ്റു ആഗോള ശക്തികളുമായും നയതന്ത്ര ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.
അതിനിടയിൽ അമേരിക്ക-ഇറാൻ സംഘർഷങ്ങൾക്കിടെ മേഖലയിൽ സമാധാന ശ്രമങ്ങളും ശക്തമാകുന്നുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നയതന്ത്ര നീചങ്ങൾ സജീവമായതിന്റെ ഭാഗമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇറാൻ ഉന്നത സുരക്ഷാ കൗൺസിൽ മേധാവി മുഹ്സിൻ റിസയിയുമായി ചർച്ച നടത്തി. ഇറാനുമായുള്ള സമവായത്തിന്റെ ഭാഗമായി അവരുടെ യുറേനിയം ശേഖരം ഏറ്റെടുത്ത് സൂക്ഷിക്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ സേനാമേധാവിയും ടെഹ്റാനിൽ സന്ദർശനം നടത്തുന്നുണ്ട്. യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രയേലിൽ രഹസ്യ സന്ദർശനം നടത്തിയതും സമാധാന ചർച്ചകളുടെ ഭാഗമായാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മേഖലയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും മറ്റൊരു വശത്ത് ഇറാൻ പുതിയ ഭീഷണികളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിന്റെ ഇന്റർനെറ്റ് സംവിധാനങ്ങളെ തന്നെ സ്തംഭിപ്പിക്കുന്ന രീതിയിൽ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര ഇന്റർനെറ്റ് ശൃംഖലയെ ലക്ഷ്യമിടുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം ഫ്രാൻസുമായി യു.എ.ഇ തന്ത്രപ്രധാനമായ പ്രതിരോധ സഹകരണ കരാറിനുള്ള ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിലൂടെ ഗൾഫ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
UK to Deploy Fighter Jets for Saudi Arabia Defense Against Houthi Attacks Amid Rising Regional Tensions















