
വാഷിംഗ്ടൺ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന് കീഴിൽ പ്രത്യേക വനിതാ ആരോഗ്യ വിഭാഗവും വൈറ്റ് ഹൗസ് വനിതാ ആരോഗ്യ ടാസ്ക് ഫോഴ്സും രൂപീകരിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രഥമ വനിത മെലാനിയ ട്രംപും അദ്ദേഹത്തോടൊപ്പം പങ്കെടുക്കുകയും ഉത്തരവിൽ ഒപ്പുവെക്കുകയും ചെയ്തു.
വനിതാ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് അഞ്ച് പ്രധാന ലക്ഷ്യങ്ങളാണ് പുതിയ ഉത്തരവിലൂടെ നടപ്പിലാക്കുന്നത്. സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന രോഗങ്ങൾക്ക് ചികിത്സ കണ്ടെത്തുക, വൈദ്യശാസ്ത്ര രംഗത്തെ കണ്ടുപിടുത്തങ്ങൾ വേഗത്തിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുക, സ്ത്രീകൾക്കായുള്ള പുതിയ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക, മെഡിക്കൽ ചികിത്സകൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുക, വനിതാ ആരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
അമേരിക്കയിലെ സ്ത്രീകൾക്ക് ഇതൊരു സുപ്രധാന നിമിഷമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രഥമ വനിത മെലാനിയ ട്രംപ് വ്യക്തമാക്കി. മുൻതലമുറകൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് പോരാടിയതെങ്കിൽ, ആരോഗ്യത്തോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കായി തങ്ങളുടെ തലമുറ പോരാടുമെന്ന് അവർ കൂട്ടിച്ചേർത്തു. NIH-ൽ ഒരു വനിതാ ആരോഗ്യ വിഭാഗം വേണമെന്ന ആശയം മുന്നോട്ടുവെച്ചത് പ്രഥമ വനിതയാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. സ്തനാർബുദത്തെ അതിജീവിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വെയ്ൽസിന്റെ സംഭാവനകളെയും ചടങ്ങിൽ പ്രസിഡന്റ് ട്രംപ് പ്രത്യേകമായി അഭിനന്ദിച്ചു. പുതിയ പദ്ധതികൾക്കായി അനുവദിക്കുന്ന ഫണ്ടിന്റെ അളവ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.















