
ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സർസംഘചാലക് മോഹൻ ഭഗവത് പങ്കെടുക്കുന്ന ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡൻ പരിപാടിയെ ശക്തമായി എതിർത്ത് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ഓഗസ്റ്റ് 29-ന് നടക്കാനിരിക്കുന്ന പരിപാടിയെ താൻ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്ന് മേയർ വ്യക്തമാക്കി. എന്നാൽ, ഒരു സ്വകാര്യ ചടങ്ങ് റദ്ദാക്കാൻ നഗരഭരണകൂടത്തിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യം ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസ്സിൻ്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് നടത്തുന്ന ആഗോള സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് മോഹൻ ഭാഗവത് അമേരിക്ക സന്ദർശിക്കുന്നത്. പരിപാടിയിൽ അയ്യായിരത്തോളം ഇന്ത്യൻ പ്രവാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ പരിപാടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് യു.എസിൽ ഉയരുന്നത്.
ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് പരിപാടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മേയർ മറുപടി നൽകിയത്. “ഞാൻ ഈ റാലിയെ ഒട്ടും പിന്തുണയ്ക്കുന്നില്ല, എന്നാൽ ഒരു സ്വകാര്യ പരിപാടി റദ്ദാക്കാൻ നഗരസഭയ്ക്ക് എന്തെങ്കിലും നിയമപരമായ അധികാരമുണ്ടോ എന്ന് എനിക്കറിയില്ല,” മംദാനി പറഞ്ഞു.
ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മേയറാണ് സൊഹ്റാൻ മംദാനി. തൻ്റെ കുടുംബ പശ്ചാത്തലമാണ് ഈ നിലപാടിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. “എൻ്റെ അമ്മയുടെ കുടുംബം ഇപ്പോഴും ഇന്ത്യയിലാണ് താമസിക്കുന്നത്. വൈവിധ്യങ്ങൾ നിറഞ്ഞ, എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ അവകാശങ്ങളുള്ള ഒരു മതേതര റിപ്പബ്ലിക്കായാണ് ഞാൻ ഇന്ത്യയെ കണ്ടിട്ടുള്ളതും പഠിച്ചിട്ടുള്ളതും. എന്നാൽ ഇതിന് വിരുദ്ധമായി, ഒരു വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്ന പാർശ്വവൽക്കരണത്തിൻ്റെ രാഷ്ട്രീയത്തോട് എനിക്ക് യോജിക്കാനാകില്ല,” മേയർ തുറന്നടിച്ചു.
നിറമോ, ജാതിയോ, മതമോ, വിശ്വാസമോ നോക്കാതെ ഓരോ മനുഷ്യന്റെയും തുല്യതയിൽ വിശ്വസിക്കുന്ന ന്യൂയോർക്ക് നഗരത്തിൻ്റെ മേയർ എന്ന നിലയിലും, ഒരു ഇന്ത്യൻ-അമേരിക്കൻ എന്ന നിലയിലും ഇത്തരം വിവേചനപരമായ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻ ഭാഗവതിൻ്റെ സന്ദർശനത്തിനെതിരെ യു.എസിലെ പ്രവാസി സംഘടനകളും വിവിധ അന്തർദേശീയ മനുഷ്യാവകാശ കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്. ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’, ‘ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ’, ‘ഇൻ്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്’ തുടങ്ങിയ പ്രമുഖ സംഘടനകൾ ന്യൂയോർക്ക് സിറ്റി ഹാളിന് മുന്നിൽ സംയുക്ത വാർത്താ സമ്മേളനം നടത്തി. രാജ്യത്ത് വിദ്വേഷം വളർത്തുന്ന സംഘടനകളുടെ പരിപാടികൾക്ക് അനുമതി നൽകരുതെന്നും മാഡിസൺ സ്ക്വയറിലെ ചടങ്ങ് അടിയന്തരമായി റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘Can’t agree with that divisive politics’: First Indian-American Mayor Zohran Mandani opposes Mohan Bhagwat’s US visit















