
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. പ്രതി മദ്യപിച്ചതിന്റെയും വാഹനം സഞ്ചരിച്ച വേഗത്തിന്റെയും തെളിവുകൾ പൊലീസിന്റെ പക്കലുണ്ടെന്നും അന്വേഷണം കൃത്യമായാണ് മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ചേരാനല്ലൂർ കേസിൽ പൊലീസിന് തെറ്റുപറ്റിയെന്നും കൂട്ടിച്ചേർത്തു.
നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തുവന്നെങ്കിലും പൊലീസ് കൃത്യമായാണ് പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് ബാറുകളിൽ ഇരുന്ന് പ്രതി മദ്യപിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. പ്രതിയുടെ ശരീരത്തിലെ മദ്യത്തിന്റെ അളവ് പരിശോധിച്ചതിന്റെ വിവരങ്ങളും നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലൂടെ വാഹനം സഞ്ചരിച്ച വേഗത്തിന്റെ രേഖകളും പൊലീസിന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹനം സഞ്ചരിച്ച വഴിയിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞ് വിലാസവും പ്രായവും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തിയതിലൂടെ ശരീരത്തിലെ മദ്യത്തിന്റെ അളവ് സംബന്ധിച്ച തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. “നെടുമ്പാശ്ശേരിയിൽ ഒരു തെറ്റും പൊലീസ് ചെയ്തിട്ടില്ല. അടിവരയിട്ട് പറയുന്നു, ഒരു തെറ്റും ചെയ്തിട്ടില്ല. ഇത്രയും ഭംഗിയായാണ് പൊലീസ് കാര്യങ്ങൾ ചെയ്തത്. ആഭ്യന്തരവകുപ്പിനെ അഭിനന്ദിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. “ചേരാനല്ലൂരിൽ പൊലീസിന് തെറ്റുപറ്റി. അതുകൊണ്ടാണ് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.












