
ക്വാലാലംപൂർ: മലേഷ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് തിരിച്ചടി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് നിലവിൽ നൽകിയിരുന്ന വിസ രഹിത പ്രവേശന സൗകര്യം 2027 ജനുവരി ഒന്ന് മുതൽ അവസാനിപ്പിക്കാൻ മലേഷ്യൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് പുറത്തിറക്കി.
പുതിയ തീരുമാനപ്രകാരം, നിലവിലുള്ള വിസ ഇളവ് 2026 ഡിസംബർ 31-ന് അവസാനിക്കും. 2027 ജനുവരി ഒന്ന് മുതൽ മലേഷ്യയിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യക്കാർ യാത്രയ്ക്ക് മുമ്പ് തന്നെ സാധുവായ വിസ നേടിയിരിക്കണം. ഇതിനായി 2026 ഡിസംബർ ഒന്ന് മുതൽ മലേഷ്യയുടെ ‘MyVISA’ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
കോവിഡ്-19 മഹാമാരിക്ക് ശേഷം വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി 2023 ഡിസംബറിലാണ് മലേഷ്യ ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചത്. എന്നാൽ, സന്ദർശക വിസയുടെ മറവിൽ തൊഴിൽ തേടി അനധികൃതമായി ആളുകൾ രാജ്യത്തേക്ക് കടക്കുന്നതും, വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ തട്ടിപ്പുകൾ വർദ്ധിച്ചതുമാണ് നിയമം കർശനമാക്കാൻ മലേഷ്യയെ പ്രേരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷനും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വിസ അപേക്ഷാ നടപടികളിലും മലേഷ്യ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അപേക്ഷ സമർപ്പിച്ച ശേഷം ‘ന്യൂ ആപ്ലിക്കേഷൻ’ അല്ലെങ്കിൽ ‘പെൻഡിംഗ് പേയ്മെന്റ്’ ഘട്ടങ്ങളിൽ ഏഴ് പ്രവൃത്തി ദിവസത്തിലധികം തുടരുന്ന അപേക്ഷകൾ സ്വയമേവ റദ്ദാകും. കൂടാതെ, വിസ നിരസിച്ചാലോ യാത്ര മാറ്റിവെച്ചാലോ ഫീസ് തിരികെ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. വിദേശ സന്ദർശകർ യാത്രാ കാലയളവ് മുഴുവൻ പരിരക്ഷ ലഭിക്കുന്ന ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് എടുക്കണമെന്നും ഇമിഗ്രേഷൻ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
മലേഷ്യ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ, വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇന്ത്യ സ്വന്തം വിസ സംവിധാനം ലളിതമാക്കുകയാണ്. നിലവിലുള്ള 13 പ്രധാന വിസ വിഭാഗങ്ങൾ ഒൻപതായും, 49 ഉപവിഭാഗങ്ങൾ 23 ആയും കുറയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ടൂറിസ്റ്റ് വിസയ്ക്ക് പകരം ‘വിസിറ്റർ വിസ’ എന്ന പേരിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ സംവിധാനം ഈ വർഷം അവസാനത്തോടെ നിലവിൽ വരും.
Changes to Malaysian travel regulations; Visas made mandatory for Indians starting in January














