ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ 17-കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പരിശോധന നടക്കുന്നത്. അപകടസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പോലീസ് സംഘം ശേഖരിച്ചു. അതേസമയം, അപകടത്തിൽ ജഡ്ജിക്ക് വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം നാളെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നും ജഡ്ജിയെ സർവീസിൽ നിന്നും നീക്കണമെന്നും ഹർജിയിൽ കുടുംബം ആവശ്യപ്പെടും. ഇതിനുപുറമെ, 17-കാരന്റെ ജാമ്യം റദ്ദാക്കാൻ കുടുംബം ജില്ലാ കോടതിയെയും സമീപിക്കും. നിലവിലെ പോലീസ് നടപടികളിൽ തൃപ്തരാണെന്നും പോലീസുമായി ചർച്ച നടത്തിയെന്നും നിയമസഹായം ഉറപ്പുലഭിച്ചിട്ടുണ്ടെന്നും ജയപാലകൃഷ്ണന്റെ മക്കൾ വ്യക്തമാക്കി.
അപകടത്തിൽ എഫ്.ഐ.ആറിലും തുടർന്നുള്ള നടപടികളിലും വീഴ്ചവരുത്തിയതിനെ തുടർന്ന് ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സി.ഐ. ശ്യാം കുമാർ, എസ്.എച്ച്.ഒ. വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ. മനോജ്, സി.പി.ഒ. അരുൺ ജിത്ത് എന്നിവർക്കെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ കർശന ഇടപെടലിന് പിന്നാലെ നടപടിയെടുത്തത്.
Cheranalloor Accident Case: Police Search Judge’s Flat Following High Court Order; Victim’s Family to Approach High Court











