എറണാകുളം ചേരാനല്ലൂരിലെ വാഹനാപകട മരണത്തില്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. കാര്‍ ഓടിച്ച പതിനേഴുകാരന്‍, പിതാവായ ജഡ്ജി, അപകട ദൃശ്യം മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത പൊലീസുകാരന്‍ എന്നിവര്‍ക്കെതിരെ നടപടി വേണം എന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. നാളെ വൈകിട്ട് നാല് മണിക്കുള്ളില്‍ കേസില്‍ നടപടിയുണ്ടാകുമെന്ന് പൊലീസുകാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വിളിച്ചുവെന്നും ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു.
മൂന്ന് കാര്യങ്ങള്‍ ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ ഉറപ്പിന്റെ പുറത്ത് ഞങ്ങള്‍ പോവുകയാണ്. നാളെ രാവിലെ എഡിജിപി വിജയന്‍ സര്‍ ഇവിടെ വരുമെന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് കേസെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആദ്യം എഫ്‌ഐആര്‍ എഴുതിയ ആള്‍ക്കെതിരെയും ഫോണിലെ ചിത്രം ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട പരാതിയിലും. നാളെ നാല് മണി വരെ അച്ഛന്റെ ചടങ്ങുണ്ട്. അത് കഴിഞ്ഞ് നേരെ ഇങ്ങോട്ടായിരിക്കും വരുന്നത്.
ഇതിലും കൂടുതല്‍ ആളുകള്‍ അപ്പോള്‍ ഉണ്ടാകും. അമ്മയും അനുജനും കൂടി ഒപ്പമുണ്ടാകും. നാളെ നാല് മണിയെന്നൊരു സമയമുണ്ടെങ്കില്‍ ഉത്തരം കിട്ടണം. ഇല്ലെങ്കില്‍ എന്റെ ശവമായിരിക്കും കാണുന്നതെന്നും എന്നാലെ എന്നെ ഇവിടെ നിന്ന് പുറത്തിറക്കാന്‍ കഴിയുകയുള്ളു എന്നും മകൾ ഭദ്രകീര്‍ത്തി പറഞ്ഞു. കേസില്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞെന്ന് കുടുംബത്തെ സന്ദര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
Jayabalakrishnan’s family ends their protest; the Home Minister has called—if a time like 4:00 PM tomorrow is set, justice must be delivered.









