കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ നിർണായക തെളിവുകൾ പുറത്ത്. പ്രായപൂർത്തിയാകാത്ത 17-കാരൻ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽനിന്ന് ബെൻസ് കാറുമായി പുറത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച പുലർച്ചെ 1.36-ന് കനത്ത മഴയുള്ള സമയത്താണ് 17-കാരൻ വാഹനവുമായി ഇറങ്ങിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈകിട്ടേ താൻ എഴുന്നേൽക്കുകയുള്ളൂ എന്ന് മകന് മെസ്സേജ് അയച്ചശേഷം ഉറങ്ങാൻ പോയതാണെന്നും, മകൻ കാറുമായി പുറത്തുപോയ കാര്യം അറിഞ്ഞിട്ടില്ലെന്നുമാണ് വാഹനത്തിന്റെ ഉടമയായ ജഡ്ജി നൽകിയ വിശദീകരണം.
അതേസമയം, പ്രതിയായ 17-കാരൻ നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വാഹനം ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ബെൻസ് എടുത്തിറങ്ങിയതെന്നും യൂട്യൂബ് നോക്കിയാണ് ഓടിക്കാൻ പഠിച്ചതെന്നുമാണ് 17-കാരൻ മൊഴി നൽകിയത്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനുമുമ്പും ഇയാൾ വാഹനം ഓടിച്ചിരുന്നതിന്റെ തെളിവുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നുവെങ്കിലും അപകടത്തിന് തൊട്ടുപിന്നാലെ ഇവയെല്ലാം ഡിലീറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
കാർ ഓടിക്കുന്ന സമയത്ത് റൈഡിന്റെ ദൃശ്യങ്ങൾ 17-കാരൻ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോകളിൽ 104 കിലോമീറ്ററോളം അമിതവേഗതയിലാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ജഡ്ജി 2022-ൽ വാങ്ങിയ 2012 മോഡൽ ബെൻസ് കാർ ഔദ്യോഗിക ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് മോട്ടോർ വാഹന നിയമപ്രകാരം ആർ.സി. ഉടമയായ ജഡ്ജിയെയും കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ദാരുണമായ അപകടം നടക്കുന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മഞ്ഞാലി സ്വദേശി ജയപാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീണ് മരണപ്പെടുകയുമായിരുന്നു.











