
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റിൽ മാപ്പ് പറഞ്ഞെന്ന് കെപിസിസി. സുപ്രീം കോടതി അഭിഭാഷകൻ അയച്ച വക്കീൽ നോട്ടീസിന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മറുപടി നൽകി. പോസ്റ്റ് അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നും അത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായും കെപിസിസി അറിയിച്ചു. വിജയ് തോട്ടത്തിൽ എന്ന വ്യക്തിയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് വിശദീകരണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വിവാദ പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപരമായ തടസ്സങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള പ്രതിഷേധമാണ് കുറിപ്പിൽ പ്രകടിപ്പിച്ചിരുന്നത്. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്നതടക്കമുള്ള പരാമർശങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. വിവാദമായതോടെ പോസ്റ്റ് ഉടൻ പിൻവലിച്ചിരുന്നു.













